Flash News

6/recent/ticker-posts

ആറുവരിപ്പാത: കരാർ കാലാവധി ഡിസംബർ വരെ നീട്ടിനൽകി; ജില്ലയിലെ പണി പൂർത്തിയാക്കാൻ ഒരു വർഷം കൂടി..!

Views

മലപ്പുറം : ജില്ലയിലൂടെ കടന്നുപോകുന്ന മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ നിർമാണം ഈ വർഷം പൂർത്തിയാകില്ല. തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ രാമനാട്ടുകര വരെയുള്ള 75 കിലോമീറ്റർ ആറുവരിപ്പാത ഗതാഗതത്തിനായി തുറന്നുനൽകാൻ ഇനിയും ഒരുവർഷം കാത്തിരിക്കണം.

2022 ജനുവരിയിൽ നിർമാണം ആരംഭിച്ച പുതിയ പാത 2024 ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയും നിർമാണക്കമ്പനിയായ കെഎൻആർസിഎലും തമ്മിലുള്ള കരാർ. എന്നാൽ നിർമാണത്തിൽ ഏറ്റവും വലിയ വെല്ലുവിളിയായ വട്ടപ്പാറ വയഡക്റ്റ് പാലം ഉൾപ്പെടുന്ന ഭാഗത്തെ ജോലികൾ പൂർത്തിയാകാൻ ഇനിയും ഒരുവർഷത്തോളമെടുക്കും.*o

അപകടമേഖലയായ വട്ടപ്പാറ വളവിനെ ഒഴിവാക്കി വയലുകൾക്ക് മുകളിലൂടെ നിർമിക്കുന്ന പാലം സംസ്ഥാനത്തെ ഏറ്റവും വലിയ വയഡക്റ്റ് പാലമാണ്. വട്ടപ്പാറ വളവ് മുതൽ വളാഞ്ചേരി ഓണിയൽപാലംവരെയുള്ള നാലര കിലോമീറ്റർ ദൂരത്തിൽ പലഭാഗത്തും നിർമാണം മന്ദഗതിയിലാണ്. കുറ്റിപ്പുറത്തെ റെയിൽവേ മേൽപാലത്തിന്റെ ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല.

നിലവിലെ പാലത്തിന്റെ ഒരുഭാഗത്ത് ഏതാനും തൂണുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. റെയിൽവേ ട്രാക്കിനു മുകളിലൂടെയുള്ള പാലത്തിന് നിർമാണ അനുമതി ലഭിക്കാൻ വൈകിയത് പ്രതിസന്ധിയായി. മഴക്കാലത്ത് ജോലികൾ മന്ദഗതിയിലായതും കരാർ കാലാവധിയെ ബാധിച്ചിട്ടുണ്ട്. കുറ്റിപ്പുറം മിനിപമ്പയിലെ ഫ്ലൈഓവർ, പലയിടത്തുമുള്ള നടപ്പാതകളുടെ നിർമാണം അടക്കമുള്ളവയ്ക്കായി ഇനിയും സമയമെടുക്കും.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കരാർ കമ്പനി ദേശീയപാത അതോറിറ്റിയോട് സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ നിർമാണ ജോലികൾക്ക് രണ്ടരവർഷമാണ് അനുവദിച്ചിരുന്നതെങ്കിലും വരാനിരിക്കുന്ന മഴക്കാലം അടക്കമുള്ളവ പരിഗണിച്ച് ഡിസംബർവരെ നീട്ടിനൽകിയിട്ടുണ്ട്. ഈവർഷം അവസാനം ജോലികൾ പൂർത്തീകരിച്ച് 2025 ജനുവരിയിൽ ആറുവരിപ്പാതയുടെ ഉദ്ഘാടനം നിർവഹിക്കാനാണു ശ്രമം.

മലപ്പുറത്തിനു പുറമേ കാസർകോട്ടും എറണാകുളത്തും ഈവർഷം അവസാനത്തോടെ ജോലികൾ പൂർത്തിയാക്കും. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 2025 ഡിസംബറോടെ ജോലികൾ പൂർത്തിയാക്കാനാണു ശ്രമം. 2026 ജനുവരിയോടെ കാസർകോട് മുതൽ എറണാകുളം വരെയുള്ള മുഴുനീളപാത ഗതാഗതത്തിന് സജ്ജമാകും.




Post a Comment

0 Comments