Flash News

6/recent/ticker-posts

മാതൃകയായി കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ അനുഭവം പങ്കുവെച്ച് യുവാവ്

Views
കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരില്‍ നിന്നുണ്ടായ നല്ല അനുഭവം പങ്കുവെച്ച്‌ കൊല്ലം സ്വദേശിയായ യുവാവ്. രണ്ട് ദിവസം കോഴിക്കോട് തങ്ങിയപ്പോഴുണ്ടായ അനുഭവം ജയന്‍ മണ്‍റോ എന്ന യുവാവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.എവിടേക്ക് ഓട്ടം വിളിച്ചാലും യാത്രാവസാനം മീറ്ററിലുള്ള പണം മാത്രമാണ് ഓട്ടോക്കാര്‍ വാങ്ങിയതെന്ന് യുവാവ് പറയുന്നു. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള ഡ്രൈവര്‍മാരുടെ നല്ല പെരുമാറ്റത്തെപ്പറ്റിയും ഫേസ്ബുക്ക് കുറിപ്പില്‍ പരാമർശമുണ്ട്. ഈ പെരുമാറ്റം യാത്രക്കാരിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ലെന്ന് യുവാവ് പറയുന്നു.
രാത്രി 9.30ന് ശേഷം താമസ സ്ഥലത്തേക്ക് ഓട്ടോ വിളിച്ചപ്പോള്‍ മീറ്ററില്‍ കാണിച്ച 40 രൂപ മാത്രമാണ് വാങ്ങിയതെന്ന് യുവാവ് കുറിച്ചു. സംശയം തോന്നി, മീറ്റര്‍ കാശ് മാത്രം മതിയോ എന്ന് ചോദിച്ചപ്പോള്‍ രാത്രി പത്തിന് ശേഷമാണ് കൂടുതല്‍ ചാര്‍ജ്ജ് ആവുകയുള്ളൂ എന്ന ഓട്ടോക്കാരന്റെ മറുപടി തന്നെ അദ്ഭുതപ്പെടുത്തിയതായി യുവാവ് പറയുന്നു. ആ ഓട്ടോക്കാരന്റെ ഫോട്ടോ എടുക്കാന്‍ മറന്നുപോയ കാര്യവും ദുഃഖത്തോടെ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. രണ്ടാം ദിവസം രാത്രിയിലും സമാന അനുഭവം ഉണ്ടായപ്പോള്‍ ആ ദുഃഖം തീര്‍ക്കാനായി ജിനീഷ് കല്ലായി എന്ന ഓട്ടോക്കാരന്റെ ഫോട്ടോ സഹിതമാണ് യുവാവ് പോസ്റ്റ് ഇട്ടത്.
മറ്റ് ജില്ലകളില്‍ നിന്നുണ്ടായ അനുഭവം ഓട്ടോക്കാരനുമായി താന്‍ പങ്കുവെച്ചെന്നും യുവാവ് പറഞ്ഞു. അപ്പോള്‍ ജിനീഷിന്‍റെ മറുപടി ഇങ്ങനെയായിരുന്നു- "സാർ ഞങ്ങള്‍ ഇതുകൊണ്ടാണ് ജീവിക്കുന്നത്. നിങ്ങളെപ്പോലുള്ളവരെയൊക്കെ ചതിച്ചിട്ട് കിട്ടുന്ന പണം കൊണ്ട് എനിക്കും എന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. ആ ഉത്തമ ബോധ്യം എനിക്ക് ഉണ്ട്". ഇങ്ങനെ നന്‍മയുള്ള കുറച്ചുപേരെങ്കിലും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ഈ ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമായി ഇന്നും നിലനില്‍ക്കുന്നത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.


Post a Comment

0 Comments