Flash News

6/recent/ticker-posts

ഭർത്താവിന്റെ ആകസ്മിക മരണം; ​ഗർഭം അലസിപ്പിക്കാൻ യുവതിക്ക് കോടതി അനുമതി

Views
ന്യൂഡൽഹി: ഭർത്താവിന്റെ ആകസ്മിക മരണത്തെ തുടർന്ന് മാനസികാഘാതത്തിലായ 23കാരിക്ക് ​ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസികസംഘർഷത്തിലായ യുവതി ​ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. 27 ആഴ്ച ​ഗർഭിണിയാണ് യുവതി.

ഹരജിക്കാരിയുടെ മാനസികസംഘർഷം കണക്കിലെടുത്ത് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഹരജിയിലെ ആവശ്യത്തിന് അനുമതി നൽകുകയായിരുന്നു. ഭർത്താവ് മരിച്ചതിനെ തുടർന്ന് യുവതി വലിയ മാനസികസംഘർഷത്തിലാണെന്ന് എയിംസിലെ മനശ്ശാസ്ത്ര വിഭാ​ഗം നൽകിയ റിപോർട്ടും കോടതി കണക്കിലെടുത്തു. ​ഗർഭാവസ്ഥയിലൂടെ കടന്നുപോവുന്ന യുവതിയുടെ മനോനില തന്നെ തകരാറിൽ ആവാനും സ്വയം അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എയിംസിലാണ് യുവതിയുടെ ​ഗർഭം അലസിപ്പിക്കുക. 24 ആഴ്ചയാണ് ​ഗർഭം അലസിപ്പിക്കുന്നതിനുള്ള അനുവദനീയ സമയപരിധിയെങ്കിലും അസാധാരണ സാഹചര്യം കണക്കിലെടുത്ത് 27 ആഴ്ച ​ഗർഭിണിയായ യുവതിയെ ​ഗർഭച്ഛിദ്രത്തിന് വിധേയമാക്കാൻ എയിംസിന് നിർദേശം നൽകുകയായിരുന്നു.

യുവതിയുടെ ഹരജി പരി​ഗണിച്ച കോടതി എയിസിംലെ മനശ്ശാസ്ത്ര വിഭാ​ഗത്തോട് റിപോർട്ട് തേടിയിരുന്നു. യുവതിക്ക് കടുത്ത വിഷാദരോ​ഗമുണ്ടെന്നും ആത്മഹത്യാപ്രവണത കാണിക്കുന്നുണ്ടെന്നും അടക്കമുള്ള റിപോർട്ടാണ് എയിംസ് മനശ്ശാസ്ത്ര വിഭാ​ഗം കോടതിയിൽ സമർപ്പിച്ചത്. യുവതി നിലവിൽ എയിംസിലെ സൈക്യാടിക് വിഭാ​ഗത്തിൽ ചികിൽസയിലാണ്.


Post a Comment

0 Comments