Flash News

6/recent/ticker-posts

ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ ഞായറാഴ്ച തന്നെ ജയിലില്‍ തിരിച്ചെത്തണം; സമയം നീട്ടിക്കിട്ടണമെന്ന ഹരജി സുപ്രിം കോടതി തള്ളി

Views

ന്യൂഡൽഹി: കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ബിൽക്കീസ് ബാനു കേസ് പ്രതികൾ സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. പ്രതികൾ ഞായറാഴ്ച തന്നെ ജയിലിലെത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ബി.വി നാഗരത്ന നയിക്കുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കഴിഞ്ഞ ദിവസം കോടതിക്കു മുന്നിൽ ഹരജി സമർപ്പിച്ചത്. നാലു മുതൽ ആറ് ആഴ്‌ച വരെ സമയം നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. കീഴടങ്ങാനുള്ള അവസാന തീയതി ഞായറാഴ്ച്‌ അവസാനിക്കാനിരിക്കെ കുറ്റവാളികളുടെ അഭിഭാഷകർ ഹരജി വേഗം പരിഗണിക്കണമെന്ന് നാഗരത്നയോട് അഭ്യർഥിച്ചിരുന്നു.
വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്നും അതിനാൽ കീഴടങ്ങാനുള്ള തീയതി നീട്ടണമെന്നുമായിരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദഭായ് നയിയുടെ ആവശ്യം. '88 വയസായ പിതാവിനെയും 75 വയസായ മാതാവിനേയും പരിചരിക്കാൻ താൻ മാത്രമേയുള്ളു. പിതാവ് ആസ്ത‌മ മൂലം ബുദ്ധിമുട്ടുകയാണ്. അദ്ദേഹം ഹൃദയശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് കീഴടങ്ങാനുള്ള തീയതി നീട്ടി നൽകണം' ഹരജിയിൽ ആവശ്യപ്പെട്ടു. ജയിൽ മോചനത്തിന് ശേഷം താൻ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്നാണ് മിതേഷ് ചിമനാൽ ഭട്ട് എന്ന കുറ്റവാളി ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. മകന്റെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്താൻ കീഴടങ്ങുന്നതിനുള്ള സമയപരിധി ആറാഴ്ച‌ നീട്ടണമെന്നാണ് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദനയുടെ ആവശ്യം.

നേരത്തെ ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്
കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയത്.

വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയിൽ പ്രതികൾ സമർപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇവരോട് ജയിലിലെത്തി കീഴടങ്ങാനും കോടതി നിർദേശിച്ചു.


Post a Comment

0 Comments