Flash News

6/recent/ticker-posts

ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി, മദ്യശാല തുറന്നേക്കും; അമുസ്ലിം നയതന്ത്ര ഉദ്യോ​ഗസ്ഥർക്ക് മദ്യം ലഭ്യമാക്കും

Views


റിയാദ്: സൗദി അറേബ്യയില്‍ ഇതാദ്യമായി മദ്യശാല തുറക്കാന്‍ തീരുമാനം. ആദ്യപടിയായി തലസ്ഥാനമായ റിയാദില്‍ അമുസ് ലിം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല തുറക്കുക. മദ്യം ലഭിക്കാന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് പിന്നീട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടി മദ്യം വാങ്ങാം. പ്രതിമാസ ക്വാട്ട നിശ്ചയിച്ചായിരിക്കും മദ്യം ലഭിക്കുക. വരും ആഴ്ചകളില്‍ സ്റ്റോര്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന സമീപപ്രദേശമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ സ്ഥിതിചെയ്യുന്നത്. അമുസ്ലിംകള്‍ക്ക് മാത്രമായി ഈ സേവനം കര്‍ശനമായി പരിമിതപ്പെടുത്തും. അതേസമയം മറ്റ് അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. ദശലക്ഷക്കണക്കിന് പ്രവാസികള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ് ലിം തൊഴിലാളികളാണ്.

വിനോദസഞ്ചാരത്തിനും ബിസിനസ്സിനും കൂടുതല്‍ ശ്രദ്ധ കൊടുത്തുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. മികച്ച സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വിഷന്‍ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്.

സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്. 100 ചാട്ടവാറടി, നാടുകടത്തല്‍, പിഴ അല്ലെങ്കില്‍ തടവ് എന്നിവയാണ് സാധാരണ ലഭിക്കുന്ന ശിക്ഷ. നിയമം ലംഘിക്കുന്നവര്‍ പ്രവാസികളാണെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടിവരും. അടുത്തിടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 



Post a Comment

0 Comments