Flash News

6/recent/ticker-posts

ഹാജിമാരെ ആശങ്കയിലാക്കുന്ന പ്രചരണങ്ങളും, സ്വകാര്യ വിമാനത്താവള ലോബികളുടെ ദുരുദ്ദേശങ്ങളും കരുതിയിരിക്കുക

Views
ഡൽഹി : ഈ മാസം 23 നാണ് ഹജ്ജ് വിമാന നിരക്കിലെ കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ തമ്മിലുള്ള നിരക്ക് വ്യത്യാസം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്ന് തുടങ്ങിയത്. ചില മാധ്യമങ്ങളിൽ വന്ന ആദ്യ ദിവസത്തെ ആദ്യ വാർത്ത മുതൽ ഇന്ന് വരെ വന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും, കോഴിക്കോടുള്ള അമിത നിരക്കിന് പരിഹാരം കാണുന്നതിനേക്കാൾ എങ്ങനെ എങ്കിലും കോഴിക്കോടിനെ എംബാർക്കേഷൻ പോയിന്റ് ആയി തെരെഞ്ഞെടുത്ത ഹാജിമാരെ കണ്ണൂരിലേക്ക് എത്തിക്കാനുള്ള കഠിന ശ്രമങ്ങളാണ് മാധ്യമങ്ങളിലൂടെ നടക്കുന്നത്.

ആദ്യ ദിവസത്തെ ഒരു റിപ്പോർട്ട് ഇങ്ങനെ താഴെ പറയുന്ന പ്രകാരമായിരുന്നു. കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് ആയി തെരെഞ്ഞെടുത്തവർക്ക് അവരുടെ ഇഷ്‌ട പ്രകാരം കണ്ണൂരിൽ നിന്ന് പോവാനുള്ള സൗകര്യം സർക്കാരും ഹജ്ജ് കമ്മിറ്റിയും ഒരുക്കി കൊടുത്താൽ വലിയ സാമ്പത്തിക നഷ്‌ടം ഒഴിവാകും.

എല്ലാ എംബാർക്കേഷൻ പോയിന്റിലെയും നിരക്ക് ഏകീകരിച്ചാലോ.... കൂടുതൽ ഹാജിമാർ തെരെഞ്ഞെടുത്ത കോഴിക്കോടിന്റെ നിരക്ക് കുറച്ചാലോ ഹാജിമാരുടെ സാമ്പത്തിക നഷ്‌ടം ഒഴിവാക്കാം എന്ന് എന്ത് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല..? കാര്യം വ്യക്തം, അത് കണ്ണൂർ എയർപോർട്ടിന് വേണ്ടി നൽകിയ വാർത്തയായിരുന്നു.

ഈ അമിത നിരക്കിന് പിന്നിലെ യഥാർത്ഥ വില്ലന്മാർ ആരാണെന്ന് മനസ്സിലാക്കാൻ അത് തന്നെ ധാരാളമാണ്. കേരളത്തിലെ 80% വരുന്ന ഹാജിമാർ സ്വയം തെരെഞ്ഞെടുത്ത കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്നും അവരെ ബുദ്ധിമുട്ടിച്ചിട്ടായാലും സാമ്പത്തികമായി തകർന്ന് കിടക്കുന്ന കണ്ണൂർ എയർപോർട്ടിലേക്ക് എത്തിച്ച് തങ്ങളുടെ കച്ചവട താല്പര്യം സംരക്ഷിക്കപ്പെടണം എന്ന കഴുകൻ തന്ത്രമാണ് ഇതിന്റെ പിന്നിൽ.

ഇതിന് വേണ്ടി ആദ്യ ദിവസം മുതൽ ചില വ്യാജ പ്രചാരണങ്ങളും അവർ നടത്തുന്നുണ്ട്. ഇപ്പോൾ ഹാജിമാരെ അങ്കലാപ്പിലാക്കുന്ന പ്രചരണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഹാജിമാർ ഇത് കരുതിയിരിക്കണം. വ്യാജ പ്രചാരണവും വസ്തുതയും നോക്കാം.

  25-01-2024 ലെ വ്യാജ പ്രചരണ വാർത്ത ഇങ്ങനെ:

 കണ്ണൂരിൽ നിന്ന് 53 കിലോ ലഗ്ഗേജ് കൊണ്ട് പോകാൻ സൗദി എയർലൈൻസ് അനുവദിക്കുമ്പോൾ കോഴിക്കോട് നിന്ന് 37 കിലോ ലഗ്ഗേജ് മാത്രമാണ് എയർ ഇന്ത്യ അനുവദിക്കുന്നതെന്ന് ഹജ്ജ് യാത്രക്കൊരുങ്ങുന്ന തീർത്ഥാടകർ പറയുന്നു.

ഇതിന്റെ ശരിയായ വസ്തുത താഴെ വായിക്കാം

1 - ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്ന 25-01-2024 ന് ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് കഴിഞ്ഞിട്ടില്ല. വിമാന നിരക്കിൽ അന്തരം പോലും ആരും അറിഞ്ഞിട്ടില്ല. ആരാണ് തീർത്ഥാടകർ എന്ന് അവർക്ക് പോലും അറിയാത്ത സമയത്ത് ലഗേജിന്റെ അളവിൽ വ്യത്യാസം ഉണ്ടെന്ന് ഏത് തീർത്ഥാടകൻ ആണ് മാധ്യമങ്ങളോട് പറഞ്ഞത്..?

2- സർക്കാർ ക്വോട്ടയിൽ ഹജ്ജിന് പോകുന്നവരുടെ ലഗേജിന്റെ അളവ് നിശ്ചയിക്കുന്നത് അവരെ കൊണ്ട് പോകുന്ന വിമാന കമ്പനിയോ അവർ പോകുന്ന എയർപോർട്ടോ അല്ല. ഈ വർഷം ഹജ്ജിന് പോകുന്ന മുഴുവൻ ഹാജിമാർക്കും 40 Kg ലഗേജായും, 7 Kg ഹാൻഡ് ലഗേജായും ആകെ 47 Kg കൊണ്ട് പോകാം. ഇത് കേന്ദ്ര ഹജ്ജ് പോളിസിയിൽ പെട്ട കാര്യമാണ്. അത് കണ്ണൂരിൽ നിന്ന് പോയാലും കോഴിക്കോട് നിന്ന് പോയാലും ഡൽഹിയിൽ നിന്ന് പോയാലും സൗദി എയർലൈൻസിൽ പോയാലും എയർ ഇന്ത്യ എക്സ്പ്രസിൽ പോയാലും എല്ലാം 47 Kg എല്ലാവർക്കും തുല്യമാണ്.
 
 രണ്ടാമത്തെ വ്യാജ പ്രചാരണം :

കോഴിക്കോട് നിന്ന് ചെറിയ വിമാനങ്ങളും കൊച്ചിയിൽ നിന്നും, കണ്ണൂരിൽ നിന്നും വലിയ വിമാനങ്ങളും ഉപയോഗിക്കുന്നതാണ് കോഴിക്കോട് നിരക്ക് കൂടാൻ കാരണം. 

ശരിയായ വസ്തുത താഴെ പറയുന്നു.

കഴിഞ്ഞ വർഷം ചെറിയ വിമാനങ്ങൾ സർവീസ് നടത്തിയ കോഴിക്കോടിനേക്കാൾ ഉയർന്ന തുകയാണ് വലിയ വിമാനങ്ങൾ സർവീസ് നടത്തിയ കൊച്ചിയിൽ നിന്ന് ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷത്തെ തുക 
കോഴിക്കോട് - 120490/- (എയർ ഇന്ത്യ എക്സ്പ്രസ്)
കൊച്ചി - 121275/- (സൗദി എയർലൈൻസ്)
കണ്ണൂർ - 122141/- (എയർ ഇന്ത്യ എക്സ്പ്രസ്)

 ഹാജിമാരെ ആശങ്കയിലാക്കാനുള്ള മൂന്നാമത്തെ വ്യാജ പ്രചാരണം  (31-01-2024 ലെ വാർത്ത) 

കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജ് യാത്രക്ക് അപേക്ഷ നൽകിയ തീർത്ഥാടകർ യാത്ര കണ്ണൂരിൽ നിന്നാക്കാനുള്ള സാധ്യത തേടുന്നു.

ശരിയായ വസ്തുത താഴെ പറയുന്നു.

ഹാജിമാർ അപേക്ഷ നൽകുമ്പോൾ തന്നെ ഒന്നാമത്തെയും രണ്ടാമത്തെയും എംബാർക്കേഷൻ പോയിന്റ് അവർ തെരെഞ്ഞെടുത്ത് കഴിഞ്ഞതാണ്. ഹാജിമാർക്ക് സ്വന്തം നിലക്ക് എംബാർക്കേഷൻ പോയിന്റ് ഇനി മാറ്റാൻ കഴിയില്ല. ടെണ്ടർ നടപടി ആണെങ്കിൽ പൂർത്തിയായിട്ടും ഇല്ല. കോഴിക്കോടിന്റെ നിരക്കും അന്തിമമായിട്ടില്ല.

എന്ത് കൊണ്ടാണ് എല്ലാ വാർത്തകളിലും തീർത്ഥാടകർ യാത്ര കണ്ണൂരിൽ നിന്നാക്കാനുള്ള സാധ്യത തേടുന്നു എന്ന് മാത്രം വരുന്നത്..?
 കോഴിക്കോടും മലപ്പുറവും ഉള്ളവർക്ക് അടുത്ത അവസരം കൊച്ചിയല്ലേ? ഉദ്ദേശം വ്യക്തമാണ്, ഇത്തരം വാർത്തകൾ ആദ്യമേ പ്രചരിപ്പിച്ച് എങ്ങനെ എങ്കിലും കണ്ണൂരിലേക്ക് മാറ്റണം എന്ന പ്രതീതി ഹാജിമാർക്കിടയിൽ പ്രചരിപ്പിക്കണം.
 ഇത്തരം വാർത്തകൾ നൽകി ഹാജിമാരെ ആശങ്കയിലാക്കി നെട്ടോട്ടം ഓടിക്കുകയാണ് ലക്ഷ്യം. മാത്രമല്ല നിരക്കിലെ അന്തരം ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് എടുത്ത് ഒഴിവാക്കാനുള്ള സാധ്യതകളിലേക്ക് ഹാജിമാരെ പാകപ്പെടുത്തലും ലക്ഷ്യമാണ്. 

കോഴിക്കോടിന്റെ നിരക്ക് കുറക്കാനും, വലിയ വിമാന സർവീസ് ഇവിടെ പുനരാരംഭിക്കാനും ഉള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാനാണ് കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് തെരെഞ്ഞെടുത്ത ഹാജിമാർ ഇപ്പോൾ ശ്രമിക്കുന്നത്. അവർക്ക് യാത്ര പോകേണ്ടത് കോഴിക്കോട് നിന്നാണ്. അല്ലാതെ കണ്ണൂരിൽ നിന്നല്ല എന്ന് സ്വയം തീർത്ഥാടകൻ ചമയുന്ന മാധ്യമങ്ങൾ മനസ്സിലാക്കണം. 

 കോഴിക്കോടിനെ എംബാർക്കേഷൻ പോയിന്റ് ആയി തെരെഞ്ഞെടുത്ത ഹാജിമാർ ശ്രദ്ധിക്കുക.

 1992-93 കാലത്ത് കോഴിക്കോട് നിന്ന് ഹജ്ജ് യാത്രാ ആവശ്യം ഉയർത്തി സമരം നടത്തി നേടിയെടുത്തതാണ് കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റ്

▪️ - 2002 ജനുവരി 8 ന് ഇ. അഹമ്മദ് സാഹിബിന്റെ ഇച്ഛാ ശക്തി കൊണ്ട് ആദ്യമായി Boeing 747 ജംബോ വൈഡ് ബോഡി വിമാനം പരീക്ഷണാർത്ഥം കോഴിക്കോട് ഇറങ്ങിയത് മുതൽ ഇന്ന് വരെ വലിയ വിമാന സർവീസുകൾക്ക് ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ല.

▪️  - ഹജ്ജിനായി ആണ് വലിയ വിമാനങ്ങൾ ഇവിടെ ഇറക്കിയത്. വലിയ വിമാനങ്ങളുടെ പേരിൽ ഹജ്ജ് ഇനി നമ്മൾക്ക് നഷ്‌ടപ്പെട്ട് കൂടാ...

 ▪️ - കോഴിക്കോട് വിമാനത്താവളം ഏറ്റവും സുരക്ഷിതമായ ലോകോത്തര സംവിധാനങ്ങൾ ഉള്ള വിമാനത്താവളമാണ് ഇന്ന്. ഇവിടെ വലിയ വിമാനങ്ങൾ സർവീസ് നടത്താൻ യാതൊരു സാങ്കേതിക തടസ്സങ്ങളും ഇല്ല.

 ▪️ - ഈ വർഷം ഹജ്ജിന് കോഴിക്കോടിനെ എംബാർക്കേഷൻ പോയിന്റ് ആയി തെരെഞ്ഞെടുത്ത ഹാജിമാർ മറ്റ് എംബാർക്കേഷൻ പോയിന്റ്ലേക്ക് മാറി കിട്ടണം എന്നത് സ്വകാര്യ വിമാനത്താവള ലോബികളുടെ  താല്പര്യമാണ്. അത് വിജയിച്ചാൽ കോഴിക്കോടിന്റെ വലിയ വിമാന സർവീസും ഹജ്ജ് എംബാർക്കേഷനും ഹജ്ജ് ഹൗസും എല്ലാം എന്നെന്നേക്കുമായി നോക്കുകുത്തിയാകും. അടുത്ത തലമുറകൾക്കായി ഇതെല്ലാം നമ്മൾ സംരക്ഷിക്കണം.

▪️  - ഹജ്ജ് അട്ടിമറിക്കുന്നതിന് മുമ്പ് കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വെട്ടി മുറിക്കാൻ ശ്രമം നടത്തിയ ലോബിയെ ശക്തമായി പോരാടി തോൽപ്പിച്ചവരാണ് നമ്മൾ. 

▪️ - ഈ വർഷം കോഴിക്കോട് നിന്ന് തന്നെ ഹജ്ജിന് പോകും... അതും വലിയ വിമാനത്തിൽ തന്നെ... അതിനായി പോരാടാം... പോരാടുന്നവർക്ക് പിന്തുണ നൽകാം.


Post a Comment

0 Comments