Flash News

6/recent/ticker-posts

പ്രവാസികള്‍ക്ക് ഡ്യൂട്ടി ഫ്രീയായി എന്തെല്ലാം നാട്ടിലേക്ക് കൊണ്ടു പോകാം? ഇളവുകള്‍ എന്തൊക്കെ? എന്തിന് കസ്റ്റംസുകാരെ പേടിക്കണം

Views

കോഴിക്കോട് - പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ അവധിക്ക് നാട്ടില്‍ പോകുമ്പോഴോ അല്ലെങ്കില്‍ പ്രവാസം മതിയാക്കി തിരിച്ചു പോകുമ്പോഴോ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊക്കെ ധാരാളം സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുക പതിവാണ്. ഗള്‍ഫ് സാധനങ്ങളില്‍ മിക്കതും ഇപ്പോള്‍ നാട്ടില്‍ കിട്ടാനുണ്ടെങ്കിലും ഗള്‍ഫുകാരന്‍ നാട്ടിലേക്ക് വരുമ്പോള്‍ ഗള്‍ഫ് മിഠായിയും അത്തറും പാവക്കുട്ടികളും വിദേശ സിഗരറ്റും മുതല്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കൈയ്യില്‍ കിട്ടുന്ന ഒരുപാട് സാധനങ്ങള്‍ കൊണ്ടു പോകുകയെന്നത് ഒരു ആചാരം പോലെ കാലങ്ങളായി തുടരുന്ന സംഗതിയാണ്. ഇതെല്ലാം കിട്ടാനായി നാട്ടില്‍ കൊതിച്ചു കാത്തിരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഏറെയുണ്ടാകും.  വിദേശത്ത് നിന്ന് നാട്ടിലേക്ക് അവധിക്ക് പോകുമ്പോള്‍ ഒരു പത്രാസ് കിട്ടണമെങ്കില്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകണമെന്ന് ചിന്തിക്കുന്നവരാണ് പ്രവാസികളിള്‍ ഭൂരിഭാഗവും. നാട്ടിലേക്ക് പോകാനുള്ള അവധി അടുക്കുമ്പോഴേക്കും ടെന്‍ഷന്‍ തുടങ്ങും. അതുവരെ അധ്വാനിച്ച് നേടിയ കാശ് കൈയ്യും കണക്കുമില്ലാതെ ചെലവാക്കി കണ്ണില്‍ കണ്ടെതെല്ലാം വാങ്ങിക്കൂട്ടും. വിമാനം കയറാന്‍ പോകുന്നതിന് തൊട്ട് മുന്‍പ് വരെ ഈ കലാപരിപാടി തുടരുകയാണ് പതിവ്. നാട്ടിലെ വിമാനത്താവളങ്ങളില്‍ എത്തുമ്പോഴാണ് പലരും വിവരമറിയുക. നേരെ ചെന്ന് പെടുക കസ്റ്റംസിന്‍െ പിടിയിലേക്ക്.  ഡ്യൂട്ടി ഫ്രീയായി അതായത് ഒരു നയാപൈസ നികതി നല്‍കാതെ കൊണ്ടു വരാവുന്ന സാധനങ്ങള്‍ വളരെ കുറവാണ്. ബാക്കിയെല്ലാത്തിനും അന്യായ നികതി നല്‍കണം. കൈയ്യിലുള്ള ബാക്കി പണം കൂടി കസ്റ്റംസുകാര്‍ക്ക് നല്‍കി സാധനങ്ങള്‍ പുറത്തെത്തിക്കുമ്പോഴേക്കും അതിനേക്കാള്‍ വിലക്കുറവില്‍ ഇതെല്ലാം നാട്ടില്‍ കിട്ടുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കേണ്ടി വരും. എന്നാല്‍ കൂടി കൊണ്ടുവന്ന സാധനങ്ങള്‍ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും വീതം വെച്ച് നല്‍കിക്കഴിയുമ്പോഴാണ് ഗള്‍ഫുകാര്‍ സായൂജ്യമടയുക. അപ്പോഴേക്കും കൈയ്യിലുള്ള കാശെല്ലാം നികുതി നല്‍കി തീര്‍ന്ന് ഒടുവില്‍ തിരിച്ചു പോകാനുള്ള ടിക്കറ്റിന്റെ പൈസ എങ്ങനെ ഉണ്ടാക്കുമെന്ന ആധിയിലാകും പലരും.

വിദേശത്ത് നിന്ന് എന്തെല്ലാം സാധനങ്ങള്‍ തീരെ നികുതിയില്ലാതെയും, (ഡ്യൂട്ടി ഫ്രീ ) കുറഞ്ഞ നിരക്കിലുള്ള നികുതിയോടും കൂടി നാട്ടിലേക്ക് കൊണ്ടു വരാമെന്നതിനെക്കുറിച്ചുള്ള അറിവില്ലായമ്‌യാണ് വിദേശ മലയാളികളെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളെ  പലപ്പോഴും വട്ടം ചുറ്റിക്കുന്നത്. സാധനത്തിന്റെ വിലയുടെ 35 ശതമാനം മുതല്‍ നൂറും നൂറ്റമ്പതും ശതമാനം വരെ നികുതി ഈടാക്കുന്ന സാധനങ്ങളുണ്ട്. കസ്റ്റംസുകാര്‍ എന്ന് കേള്‍ക്കുമ്പോഴേ പ്രവാസികള്‍ക്ക് മുട്ടു വിറയ്ക്കും. കാരണം ഇവരുടെ വലയില്‍ കുടുങ്ങി നികുതിയുടെ പേരില്‍ പോക്കറ്റ് കാലിയായ അനുഭവം പലതവണ നേരിട്ടവരായിരുക്കും മിക്കവരും.

ആര്‍ക്കൊക്കെയാണ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ സാധാനങ്ങള്‍ കൊണ്ടു വരാനാകുക

വിദേശത്ത് കഴിഞ്ഞ കാലയളവിലെ അടിസ്ഥാനമാക്കി പരമാവധി അഞ്ച് ലക്ഷം രൂപ വരെയുള്ള സാധനങ്ങളാണ് ഒരു വിദേശ ഇന്ത്യക്കാരന് രാജ്യത്തേക്ക് കസ്റ്റംസ് ഡ്യട്ടി ഫ്രീ ആയി കൊണ്ടു വരാനാകുക. ഗള്‍ഫ് മലയാളികള്‍ അടക്കം എല്ലാവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധകമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് (സി ബി ഐ സി) ആണ് ഇതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീ ആയി, അതായത് ഒരു നയാപൈസ പോലും നികുതി നല്‍കാതെ കൊണ്ടു വരുന്നതിനുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ബാഗേജ് റൂള്‍സിലാണ്  ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

മൂന്ന് തരത്തിലുള്ള ഇളവുകളാണ് ഇതിലുള്ളത്. ഇതില്‍ ഒന്നാമത്തേത് ജനറല്‍ ഡ്യൂട്ടി ഫ്രീ അലവന്‍സാണ്. അതായത് വിദേശത്തേക്ക് ടൂറിസ്റ്റ് വിസയിലും വിസിറ്റിംഗ് വിസയിലുമൊക്കെ പോയി മടങ്ങി വരുന്നവര്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് വരുന്ന ഏതൊരാള്‍ക്കുമുള്ള ഇളവുകള്‍ ആണിത്. രണ്ടാമത്തേത് ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള വിദേശത്ത് ജോലിയെടുക്കുന്നവര്‍ക്ക് അവധിക്ക് വരുമ്പോള്‍ ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാവുന്ന സാധനങ്ങളാണ്.  മൂന്നാമത്തേത് വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്നവര്‍ക്ക് ( ഇതിന് ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് എന്നാണ് പറയുക ) ഉള്ള ഡ്യൂട്ടി ഫ്രീ ഇളവുകള്‍. ഇതില്‍ ഓരോ വിഭാഗത്തിനും പ്രത്യേകമായ ഇളവുകളുണ്ട്.

വിദേശത്ത് നിന്ന് ( ഗള്‍ഫില്‍ നിന്നടക്കം) ഇന്ത്യയിലേക്ക് വരുന്ന ആര്‍ക്കും ഡ്യൂട്ടി ഫ്രീ ആയി കൊണ്ട് വരാവുന്ന സാധനങ്ങള്‍ ഏതൊക്കെ? ( ജനറല്‍ ഡ്യൂട്ടി ഫ്രീ അലവന്‍സ്) 

ഇത് വിദേശത്ത് നിന്ന് വരുന്ന ആര്‍ക്കും, അതായത് ടുറിസ്റ്റ് വിസയിലും വിസിറ്റിംഗ് വിസയിലും പോയവര്‍, ജോലിയിലിരിക്കേ അവധിയില്‍ വരുന്നവര്‍, പ്രവാസം നിര്‍ത്തി നാട്ടിലേക്ക് വരുന്നവര്‍ എന്നീ വിഭാഗത്തില്‍ പെട്ട് ആര്‍ക്കും താഴെ പറയുന്ന പ്രകാരമുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ട് വരാം.

 1. വ്യക്തിപരമായി ഒരാള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ എല്ലാം ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാം. അതായത് ഡ്രസ്സുകള്‍, മൊബൈല്‍ ഫോണ്‍, പുസ്തകങ്ങള്‍, നിത്യ ജീവിതത്തിനായി ഉപയോഗിക്കുന്ന മറ്റ്  വസ്തുക്കള്‍ തുടങ്ങിയവ. ഇതിന് പുറമെ 50,000 രൂപ വരെ മൂല്യമുള്ള സാധന സാമഗ്രികള്‍ നികുതിയില്ലാതെ കൊണ്ടു വരാം. എന്നാല്‍ ഇതില്‍ ചില സാധനങ്ങള്‍ പാടില്ലെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തോക്ക്, 50 എണ്ണത്തില്‍ കൂടുതല്‍ വെടിയുണ്ടകള്‍, നൂറ് എണ്ണത്തില്‍ കൂടുതല്‍ സിഗരറ്റുകള്‍, 25 എണ്ണത്തില്‍ കൂടുതല്‍ ചുരുട്ടുകള്‍, 125 ഗ്രാമില്‍ കൂടുതല്‍ പുകയില,  രണ്ട് ലിറ്ററില്‍ കൂടുതല്‍ മദ്യമോ വീഞ്ഞോ, ആഭരണ രൂപത്തിലല്ലാതെയുള്ള സ്വര്‍ണ്ണമോ, വെള്ളിയോ, എല്‍ സി ഡി, എല്‍ ഇ ഡി , പ്ലാസ്മാ ടെലിവിഷനുകള്‍ എന്നിവയും ഇന്ത്യയില്‍ നിരോധിച്ച മറ്റ് വസ്തുക്കളും ജനറല്‍ ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാനാകില്ല. എന്നാല്‍ 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള അനുവദനീയമായ വസ്തുക്കള്‍ പലതും നികുതി നല്‍കി കൊണ്ടു വരുന്നതിന് തടസമില്ല. എന്നാല്‍ കസ്റ്റംസുകാര്‍ നിശ്ചയിക്കുന്ന വലിയ ശതമാനം തുക നികുതിയായി നല്‍കേണ്ടി വരും.

ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദേശത്ത് നിന്ന് നാട്ടിലേക്ക് അവധിക്ക് വരുമ്പോള്‍ ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാവുന്ന സാധനങ്ങള്‍

മേല്‍ പറഞ്ഞ ജനറല്‍ ഡ്യൂട്ടി ഫ്രീ അലവന്‍സിന് പുറമെ താഴെ പറയുന്ന സാധനങ്ങള്‍ കൂടി നാട്ടിലേക്ക് അവധിയില്‍ വരുന്നവര്‍ക്ക് നികുതി നല്‍കാതെ കൊണ്ടു വരാനാകും. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും (തുടര്‍ച്ചയായി വേണമെന്നില്ല, രണ്ട് വര്‍ഷത്തെ കാലയളവിനിടയില്‍ ഒരു വര്‍ഷം താമസിച്ചാല്‍ മതി ) വിദേശത്ത് കഴിഞ്ഞിട്ടുള്ള ആള്‍ നാട്ടിലേക്ക് അവധിക്ക് വരുമ്പോഴാണ് ഈ സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടു വരാനാകുക. 

എന്നാല്‍ ഒരു പ്രധാന കാര്യമുള്ളത് ഈ ഇളവുകള്‍ ഒരാള്‍ക്ക് മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരിക്കലേ  ലഭിക്കുകയുള്ളൂ. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ, അതായത് തൊഴില്‍ വിസ ഉള്ളവര്‍ക്കോ തൊഴിലെടുക്കുന്നതിനുള്ള മറ്റ് രേഖകള്‍ ഉള്ളവര്‍ക്കോ മാത്രമേ ഈ ആനുകൂല്യം ലഭിക്കു. പഠിക്കാനായി സ്റ്റുഡന്റ് വിസയിലോ അല്ലെങ്കില്‍ ടൂറിസ്റ്റ് വിസയിലോ ഒന്നുമുള്ളവര്‍ക്ക് ഇത് ലഭിക്കില്ല.
വിദേശത്ത് നിന്ന് അവധിയില്‍ നാട്ടിലേക്ക് വരുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ വരെ മൂല്യമുള്ള സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാം (50,000 രൂപ വരെയുള്ള ജനറല്‍ ഡ്യൂട്ടി ഫ്രീ അലവന്‍സിന് പുറമെ). 13 വസ്തുക്കളാണ് ഇങ്ങനെ നികുതി നല്‍കാതെ കൊണ്ടു വരാന്‍ സാധിക്കുന്നത്. അത് താഴെ പറയുന്നു. 1, വി സി ആര്‍ , വി സി പി, വി സി ഡി പ്ലയര്‍, വീഡിയോ ടെലിവിഷന്‍ റിസീവര്‍ ( ഇതൊന്നും ആളുകള്‍ ഇപ്പോള്‍ കാര്യമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ അല്ല)  2. ഡി വി ഡി പ്ലയര്‍, 3. മ്യൂസിക് സിസ്റ്റം, 4. എയര്‍ കണ്ടീഷണര്‍, 5. മൈക്രോവേവ് ഓവന്‍, 6. വേര്‍ഡ് പ്രോസസിംഗ് മെഷീന്‍, 7. ഫാക്‌സ് മെഷീന്‍, 8. പോര്‍ട്ടബിള്‍ ഫോട്ടോ കോപ്പിയിംഗ് മെഷീന്‍, 9. വാഷിംഗ് മെഷീന്‍, 10. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ എല്‍ പി ജി കുക്കിംഗ് റെയ്ഞ്ച്, 11. ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടര്‍, 12. ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടര്‍, 13. ഫ്രിഡ്ജ് (പരമാവധി 300 ലിറ്റര്‍ വരെ കപ്പാസിറ്റിയുള്ളത്)  എന്നീ സാധനങ്ങളാണ് കൊണ്ടു വരാവുന്നത്. എന്നാല്‍ ഇതിന്റെയെല്ലാം ആകെ വില രണ്ട് ലക്ഷമോ അതില്‍ കുറവോ ആയിരിക്കണം. മാത്രമല്ല ഈ സാധനങ്ങളെല്ലാം ഒരോന്ന്  വീതം അല്ലെങ്കില്‍ ഒരു യൂണിറ്റ് വീതം മാത്രമേ ഡ്യൂട്ടി ഫ്രീയായി കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. 

അവധിയില്‍ വരുന്നുവര്‍ക്ക് മറ്റൊരു ആനുകൂല്യം കൂടിയുണ്ട്. കുറഞ്ഞ നിരക്കില്‍ നികുതി നല്‍കിക്കൊണ്ട് ഇവര്‍ക്ക് ചില സാധനങ്ങള്‍ കൊണ്ടുവരാം. അതായത് സാധാരണ 35 ശതമാനമാണ് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയായി ഈടാക്കാറുള്ളത്. എന്നാല്‍ അവധിയില്‍ വരുന്നവര്‍ക്ക് ഇതില്‍ 20 ശതമാനം നികുതി കുറച്ച് അതായത് 15 ശതമാനം നികുതിയില്‍ താഴെ പറയുന്ന സാധനങ്ങള്‍ കൊണ്ടു വരാം. 1. കളര്‍ടെലിവിഷന്‍, 2. വീഡിയോ ഹോം തിയേറ്റര്‍ സിസ്റ്റം, 3. ഡിഷ് വാഷര്‍, 4. മൂന്നൂറ് ലിറ്ററിന് മുകളിലുള്ള ഫ്രിഡജ്, 5. ഡീപ് ഫ്രീസര്‍, 6. വീഡിയോ ക്യാമറ. 7. സിനിമോട്ടോഗ്രാഫി ഫിലിം, 8. ആഭരണങ്ങളല്ലാത്ത സ്വര്‍ണ്ണം, വെള്ളി എന്നിവ ( എന്നാല്‍ ഇതിന് പരിധി കണക്കാക്കിയിട്ടുണ്ട്. ) 

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാവുന്ന സാധനങ്ങള്‍

എത്രകാലം വിദേശത്ത് താമസിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാത് ഇത് കണക്കാക്കുന്നത്.  അവധിക്ക് നാട്ടില്‍ വരുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാവുന്ന സാധനങ്ങള്‍ തന്നെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച്  മടങ്ങിയെത്തുന്നവര്‍ക്കും ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാവുന്നത്. എന്നാല്‍ ഇതില്‍ വിദേശത്ത് താമസിച്ചതിന്റെ കാലയളവിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെ മൂല്യത്തില്‍ വ്യത്യാസം വരും.
മൂന്ന് മാസം മുതല്‍ ആറ് മാസം വരെ വിദേശത്ത് തമസിച്ചവര്‍ക്ക് പരമാവധി 60,000 രൂപയുടെ സാധനങ്ങളും, ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ താമസിച്ചവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള സാധനങ്ങളും ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ താമസിച്ചവര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളും രണ്ട് വര്‍ഷത്തിന് മുകളിലുള്ള കാലയളവില്‍ താമസിച്ചവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളും പ്രവാസം അവസാനിച്ചിച്ച് മടങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീയായി കൊണ്ടു വരാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്, അവധിയില്‍ വരുന്നവര്‍ക്ക് കൊണ്ടു വരാന്‍ അനുവദിച്ച 13 സാധനങ്ങള്‍ മാത്രമേ പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും നികുതി നല്‍കാതെ കൊണ്ടു വരാനാകൂ. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലം വിദേശത്ത് താമസിച്ച ശേഷം പ്രവാസം അവസാനിച്ചിച്ച് മടങ്ങുന്നവര്‍ക്ക് അവധിയില്‍ വരുന്നവര്‍ക്ക് കിട്ടുന്ന ആനുകൂല്യമായ 15 ശതമാനം നികുതി മാത്രം നല്‍കി എട്ടു സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ആനുകൂല്യം കൂടി ലഭിക്കും.

എത്ര കറന്‍സി കൊണ്ടു വരാം

പ്രവാസികള്‍ക്ക് വിദേശ കറന്‍സികള്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ 25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി മാത്രമേ വിദേശത്ത് നിന്ന് കൊണ്ടു വരാനാകൂ. വിദേശ കറന്‍സികള്‍ കൊണ്ടു വരുമ്പോള്‍ അതിന്റെ ആകെ മൂല്യം 5000 ഡോളറില്‍ അധികമാണെങ്കില്‍ ( ഇന്ത്യന്‍ രൂപ രൂപ ഒഴികെ ഏത് കറന്‍സിയും കൊണ്ടുവരാം) ഇന്ത്യയിലെ വിമാനത്താവളത്തില്‍ കസ്റ്റംസിന് കറന്‍സി ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കണമെന്ന് മാത്രം. 10,000 ഡോളറിന് മുകളിലുള്ള ട്രാവലേഴ്‌സ് ചെക്കുകളും ഡിമാന്റ് ഡ്രാഫ്റ്റുകളും കൊണ്ടു വരുമ്പോഴും കറന്‍സി ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. 

എത്ര സ്വര്‍ണ്ണം ഡ്യൂട്ടി ഫ്രീയായി കൊണ്ടു വരാം

വിദേശത്ത് നിന്ന് സ്വര്‍ണ്ണം ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ അതിന് പരിധിയും നിയന്ത്രണങ്ങളുമുണ്ട്. ഒരു വര്‍ഷമോ അതില്‍ കൂടുതലോ വിദേശത്ത് താമസിച്ച ശേഷം നാട്ടിലേക്ക് വരുന്ന ഒരു പുരുഷന് പരമാവധി 50,000 രൂപയുടെയും സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണ്ണം ഡ്യൂട്ടി ഇല്ലാതെ തന്നെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരാം. ധരിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഉള്‍പ്പെടെയുള്ള കണക്കാണിത്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇന്ത്യക്കാരുടെ നിത്യോപയോഗ ആഭരണങ്ങളില്‍ ചെറിയ തൂക്കത്തിലുള്ള താലിമാലയും പാദസരവും ഒന്നോ രണ്ടോ വളകളും മോതിരവും മറ്റും ഉള്‍പ്പെടുന്നതിനാല്‍ അനുവദിച്ച അളവ് സ്വര്‍ണ്ണത്തിന് പുറമെ ഇതൊക്കെ കൊണ്ടു വരാന്‍ ചിലപ്പോള്‍ നാട്ടിലെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസുകാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത് ഒരു അവകാശല്ല. ഒന്ന് കണ്ണടയ്ക്കുന്നുവെന്ന് മാത്രം.

ഡ്യൂട്ടി ഫ്രീ ബേഗേജുകള്‍ എങ്ങനെ കൊണ്ടു വരാം

ഡ്യൂട്ടി ഫ്രീയായി കൊണ്ടു വരുന്ന സാധനങ്ങള്‍ നമ്മള്‍ യാത്ര ചെയ്യുന്നതിനൊപ്പം കൊണ്ടു വരണമെന്ന് യാതൊരു നിബന്ധനയുമില്ല. അണ്‍ അക്കമ്പനീഡ് ബാഗേജുകളായി അതായത് കാര്‍ഗോയായി ഇത് അയക്കാവുന്നതാണ്. എന്നാല്‍ ചില നിബന്ധനകല്‍ വെച്ചിട്ടുണ്ടെന്ന് മാത്രം. ഒന്നുകില്‍ നിങ്ങള്‍ നാട്ടിലെത്തി ഒരു മാസത്തിനകം അണ്‍ അക്കമ്പനീഡ് ബാഗേജ് (കാര്‍ഗോ) നാട്ടിലെത്തിയിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ നാട്ടിലെത്തുന്നതിന് രണ്ടു മാസത്തിനുള്ളില്‍ ബാഗേജ് നാട്ടിലെത്തിയിരിക്കണം.

ഡ്യൂട്ടി അടച്ച് കൊണ്ടു വരാന്‍ സാധിക്കുന്ന സാധനങ്ങള്‍

ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള സാധനങ്ങള്‍ ഒഴികെ മിക്ക സാധങ്ങളും പ്രവാസികള്‍ക്ക് നിശ്ചിത ഡ്യൂട്ടി അടച്ച് കൊണ്ടു വരാവുന്നതാണ്. എന്നാല്‍ ഇതിന് ചില പരിധികളും നിയന്ത്രണങ്ങളും ഉണ്ടെന്ന് മാത്രം. പ്രവാസികള്‍ നാട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഓരോ സാധനത്തിനും എത്ര തുക നികുതി നല്‍കേണ്ടി വരുമെന്ന് നോക്കിവെയ്ക്കുന്നത് നല്ലതാണ്. 35 ശതമാവും അതിന് മുകളില്‍ വലിയ നിരക്കിലും  നികുതി ഈടാക്കുന്ന സാധനങ്ങളുണ്ട്. വലിയ നികുതി നല്‍കേണ്ട സാധനങ്ങളാണെങ്കില്‍ അത് കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്. ഗള്‍ഫില്‍ നിന്നുള്ള മിക്ക സാധനങ്ങളും ഇപ്പോള്‍ നാട്ടില്‍ കിട്ടാനുണ്ട്. ചിലപ്പോള്‍ ഒരു ചെറിയ സാധനമായിരിക്കും നാം വാങ്ങുന്നത് .പക്ഷേ ഇതിന്റെ നികുതി  ആ സാധനത്തിന്റെ വിലയേക്കാല്‍ കൂടുതലായിരിക്കും. കസ്റ്റംസിന് നികുതി കൊടുത്ത് കീശ കീറിപ്പോകും.
കസ്റ്റംസുകാര്‍ പല സാധനങ്ങളും ചിലപ്പോള്‍ നികുതി ചുമത്താതെ പുറത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ചെറിയ തുക നികുതി ഈടാക്കി കൊണ്ടു വരാന്‍ അനുവദിക്കുകയോ ഒക്കെ ചെയ്‌തേക്കാം. അത് നമ്മുടെ അവകാശമല്ല. കസ്റ്റംസുകാര്‍ ഔദാര്യം കാട്ടുന്നുവെന്ന് മാത്രം. നികുതി കൊടുക്കേണ്ടതില്ലാത്ത സാധനങ്ങള്‍ പോലും വിമാനത്താവളങ്ങളില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നികതി നല്‍കണമെന്ന് പറഞ്ഞ് തടഞ്ഞുവെക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. അല്ലെങ്കില്‍ ആ സാധനം അവര്‍ കൈക്കലാക്കും. ഇത് ഒരിക്കലും അനുവദിച്ചു കൊടുത്ത് കൂട. ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുകയാണ് ഉടന്‍ ചെയ്യേണ്ടത്. ഇതിനുള്ള സംവിധാനങ്ങള്‍ വിമാനത്തവളങ്ങളിലുണ്ട്. 
സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ല് കൈവശം വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കസ്റ്റംസുകാര്‍ അതിന് അധിക വില ഇടാന്‍ സാധ്യതയുണ്ട്. അതനുസരിച്ച് നികതി നല്‍കേണ്ടി വരും. നികുതി രീതിയെക്കുറിച്ച് കൃത്യമായി അറിവുണ്ടായാല്‍ ഒരു ക്‌സ്റ്റംസ് ഉദ്യോഗസ്ഥന്റെ മുന്നിലും നമുക്ക് മുട്ടിടിച്ച് നില്‍ക്കേണ്ട കാര്യമില്ല.

(കടപ്പാട്:-മലയാളം ന്യൂസ്)


Post a Comment

0 Comments