Flash News

6/recent/ticker-posts

ഡോക്ടറുടെ കുറിപ്പടിയില്ലാത്ത മരുന്നുമായി ഉംറ യാത്ര; സൗദിയിൽ പ്രവാസി മലയാളി പിടിയിൽ

Views

ജിദ്ദ : സൗദിയിൽ വിലക്കപ്പെട്ടതും നിയന്ത്രിതവുമായ മരുന്നുകൾ ചികിത്സാർഥം നാട്ടിൽനിന്നു കൊണ്ടുവന്ന് ഉപയോഗിക്കുന്നവർ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശം വെച്ചാൽ പിടിക്കപ്പെടാനും ജയിലിലാകാനും സാധ്യതയേറെ. അന്താരാഷ്ട്ര വിമാന യാത്രാ വേളകളിൽ മാത്രമല്ല, സൗദിയിൽ ഏതു മാർഗത്തിലൂടെ യാത്ര ചെയ്താലും മരുന്നുകളുടെ കുറിപ്പടി കൈവശമില്ലെങ്കിൽ പരിശോധനയിൽ പിടിക്കപ്പെട്ടാൽ നടപടി നേരിടേണ്ടി വരും. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വെച്ചതിന് ബസിൽ ഉംറ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു മലയാളി യുവാവ് പിടിയിലായി. ഇദ്ദേഹത്തെ നിയമനടപടികൾക്കായി ജയിലിലേക്ക് മാറ്റി. ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. അൽ ബാഹയിൽ വെച്ച് നാർക്കോട്ടിക് വിഭാഗം പോലീസ് മുഴുവൻ യാത്രക്കാരെയും പരിശോധിച്ചു. പരിശോധനയിൽ തിരൂർ സ്വദേശിയിൽനിന്ന് സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽ വരുന്ന മരുന്ന് കണ്ടെടുത്തു. നടുവേദനക്കായി നാട്ടിൽ നിന്ന് ഡോക്ടർ  കുറിച്ച് കൊടുത്ത ഗാബാപെന്റിൻ എന്ന വേദന സംഹാരിയാണ് ഇദ്ദേഹത്തിൽനിന്നു പിടിച്ചെടുത്തത്.  ഈ മരുന്ന് ഡോക്ടറുടെ പ്രത്യേക കുറിപ്പടിയോടെ ഹോസ്പിറ്റൽ ഫാർമസികളിൽ കർശന നിയന്ത്രണങ്ങളോടെ മാത്രമാണ് നൽകാറുള്ളത്. 

ഏതാനും ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിൽനിന്നു വന്നത്. അപ്പോൾ കൊണ്ടുവന്നതായിരുന്നു ഈ മരുന്ന്. വിമാനത്താവളത്തിൽ പരിശോധനാ വേളയിൽ  കാണിക്കാൻ ആവശ്യമായ രേഖകൾ ഇദ്ദഹം കരുതിയിരുന്നെങ്കിലും മക്കത്തേക്കുള്ള ഉംറ യാത്രയിൽ അതു കരുതിയില്ല. ഇതാണ് യുവാവിന് വിനയായത്. ഡോക്ടർ നൽകിയ പ്രിസ്‌ക്രിപ്ഷൻ കൈവശം ഉണ്ടായിരുന്നുവെങ്കിൽ പരിശോധനയിൽ അതു കാണിച്ചാൽ നടപടികൾക്കു വിധേയനാകേണ്ടി വരില്ലായിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന ഇദ്ദേഹത്തെ മതിയായ രേഖകൾ ഹാജരാക്കി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മോചിപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നടത്തി വരികയാണ്. 

ഏതാനും ദിവസം മുമ്പ്  ജിദ്ദയിൽ വെച്ച് മറ്റൊരാൾക്കും ഇതേ അനുഭവമുണ്ടായി. രാവിലെ ജോലിക്കായി കമ്പനി ബസിൽ പോകുന്നതിനിടെ  ഉച്ചക്ക് കഴിക്കാനുള്ള രണ്ട് ഗുളിക ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഇദ്ദേഹം പോക്കറ്റിലിട്ടിരുന്നു. പോലീസ് പരിശോധനയിൽ ഇദ്ദേഹവും പിടിക്കപ്പെട്ടു.  ഡോക്ടറുടെ കുറിപ്പടി കാണിക്കാനാവാത്തതിനാൽ പോലീസ് വണ്ടിയിൽ കയറ്റി ഇദ്ദേഹത്ത കൊണ്ടു പോയി. നാട്ടിൽ ഡോക്ടർമാരെ കണ്ട് വാങ്ങുന്ന മരുന്നിൽ പലതും ഇവിടെ നിരോധിക്കപ്പെട്ടതും നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രം നൽകുന്നതുമാണ്. ചികിത്സാ രേഖകളും ഡോക്ടറുടെ കുറിപ്പടിയും ഉൾപ്പടെയുള്ള മതിയായ രേഖകൾ ഉണ്ടെങ്കിൽ ഇത്തരം മരുന്നുകൾ ആവശ്യത്തിനു കൈവശം വെക്കുന്നത് അനുവദിക്കപ്പെടും.

അതേസമയം പരിശോധനാ വേളയിൽ രേഖകൾ ഹാജരാക്കാൻ കഴിയാതെ പോയാൽ പിടിക്കപ്പെടാനും നിയമ നടപടികൾക്കു വിധേയരാവാനും ഇടയാവും. ഇത്തരം മരുന്നു കഴിക്കുന്നവർ വിമാന യാത്രകളിൽ മാത്രമല്ല, സൗദിക്കകത്തെ യാത്ര വേളകളിലും രേഖകൾ കൈവശം കരുതണം. ഇവ മൊബൈലിൽ സൂക്ഷിച്ചാലും മതി. എന്നാൽ ഇത്തരം നടപടികളിൽനിന്നു ഒഴിവാകാനാവും.
മയക്കു മരുന്നിനെതിരെ സൗദി അധികൃതർ അതിശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അതിന്റെ ഭാഗമായാണ് ബസുകളും ടാക്‌സികളും ഉൾപ്പടെയുള്ള വാഹനങ്ങളിൽ പരിശോധന കർക്കശമാക്കിയിട്ടുള്ളത്. പരിശോധനയിൽ മലയാളികളടക്കമുള്ള നിരവധി പേർ പിടിക്കപ്പെടുകയും ജലിലിൽ ആവുകയും ചെയ്തിട്ടുണ്ട്. മയക്കു മരുന്ന് ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ ഇതിന്റെ ലഭ്യതയും  ഉപയോഗവും കുറയാൻ തുടങ്ങിയിട്ടുണ്ട്.  ചില വേദന സംഹാരികൾ മയക്കുമരുന്നിന്റെ ഗണത്തിൽ പെടുന്നവയായതിനാലാണ് ഇത്തരം മരുന്നുകൾ മതിയായ രേഖകളില്ലാതെ കൈവശം വെക്കുന്നവർ പിടിക്കപ്പെടാൻ ഇടയാക്കുന്നത്. നാട്ടിൽനിന്ന് മറ്റുള്ളവരുടെ മരുന്നുകൾ കൊണ്ടു വരുന്നവരും സൂക്ഷ്മത പുലർത്തുന്നത് നല്ലതാണ്.


Post a Comment

0 Comments