Flash News

6/recent/ticker-posts

സമസ്ത വിളിച്ചു, ഒഴുകിയെത്തി മഹാ സാഗരം തീർത്തു ജനം.സമസ്തയുടെ പൈതൃകം അത്ഭുതം: ഡി.കെ ശിവകുമാർ

Views
ബെംഗളൂരു : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന് കന്നഡ മണ്ണില്‍ പ്രൗഢ സാക്ഷ്യം. ആത്മീയ മഹാ പണ്ഡിത സഭയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ബംഗളൂരു പാലസ് മൈതാനം വേദിയായപ്പോള്‍ ഈ സായാഹ്നം പുതുചരിതത്തിന്റേതുകൂടിയായി. പതിനായിരങ്ങള്‍ സംഗമിച്ച സമ്മേളനം ഭാഷാ വൈവിധ്യത്തിന്റെയും വേദിയായി.

ആദര്‍ശ പണ്ഡിതസഭയുടെ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പണ്ഡിതസഭയുടെ കേന്ദ്ര അംഗങ്ങളും വേദിയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം ആകെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. വൈകിട്ട് നാലുമണിയോടെ തന്നെ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു.

സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി സി.കെ ശിവകുമാര്‍ പറഞ്ഞു . സമസ്തയുടെ നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക ഘടകത്തിന്റെ 2500 വിഖായ വളണ്ടിയര്‍മാരുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നൂറു വര്‍ഷത്തിന്റെ പൈതൃകം എന്നെ അത്ഭുതപ്പെടുത്തുന്നു. അത്രയും വിശുദ്ധമായ വേദിയിലാണുള്ളതെന്ന പൂര്‍ണമായ ബോധ്യം എനിക്കുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമേ ആയിട്ടുള്ളൂ. സമസ്തയ്ക്ക് 100 വര്‍ഷമായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാന്‍ ഉപമുഖ്യമന്ത്രിയായോ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായോ അല്ല ഇവിടെ എത്തിയത്. നിങ്ങളിലൊരാളായാണ് വന്നത്. ഈ രാജ്യത്തിന്റെ സമുന്നതിക്കും വികസനത്തിനും വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. ഏതു മതമായാലും ഭക്തി ഒന്നു തന്നെയാണ്. നമ്മള്‍ എല്ലാവരും മനുഷ്യത്വത്തോടെയാണ് ജീവിക്കുന്നത്. മാതാവിന്റെ കാല്‍കീഴിലാണ് സ്വര്‍ഗമെന്ന പ്രവാചക സന്ദേശം ഉള്‍ക്കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത്. രാജ്യത്ത് സമാധാനം പുലരണം. വര്‍ഗീയ ഭീതി നീങ്ങണം. വിഖായ വളണ്ടിയര്‍മാരെ നാടിന് വേണ്ടിയാണ് സമര്‍പ്പിച്ചതെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
           


Post a Comment

0 Comments