Flash News

6/recent/ticker-posts

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെച്ചൊല്ലി മാലദ്വീപില്‍ രാഷ്ട്രീയ സുനാമി; മോദിയെ വിമര്‍ശിച്ച മൂന്ന് മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Views


മാലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ചുള്ള മാലദ്വീപിലെ ഭരണകക്ഷിനേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ദ്വീപ് സമൂഹത്തില്‍ രാഷ്ട്രീയ സുനാമി. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ മോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചതിന് പിന്നാലെ ഉരുതിരിഞ്ഞ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിമാരായ മറിയം ഷിയൂന, മല്‍ഷ ശരീഫ്, മഹ്‌സൂ മാജിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും മന്ത്രിമാരുടെ പ്രതികരണങ്ങള്‍ അയല്‍രാജ്യത്തെ അവഹേളിക്കലാണെന്നും ഇതുസംബന്ധിച്ച് മാലദ്വീപ് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മന്ത്രിമാരുടെ പ്രസ്താവനകള്‍ വ്യക്തിഗത അഭിപ്രായങ്ങള്‍ മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസം കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് മോദി ലക്ഷദ്വീപിലെത്തിയത്. ദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ മോദിയുടെ ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതേസമയം തന്നെ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന മാലിദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റിയെടുക്കുകയാണെന്ന പ്രചാരണങ്ങളും ഉണ്ടായി. ഈ സാഹചര്യത്തില്‍ മാലദ്വീപിലെ യുവജനമന്ത്രി മറിയം ഷിയൂന എക്‌സില്‍ നടത്തിയ വിമര്‍ശനങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കം. മോദിയെ ലക്ഷ്യംവച്ചുള്ള പരാമര്‍ശം വലിയ വിവാദമായതോടെ മറിയം ഷിയൂന ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഇന്ത്യ മാലദ്വീപിനെ തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഉള്‍പ്പെടെയുള്ള പരാമര്‍ശമായിരുന്നു മന്ത്രി നടത്തിയത്. ഇസ്‌റാഈലിന്റെ കളിപ്പാവയെന്നും എന്തൊരു കോമാളിയാണിയാളെന്നും അവര്‍ പറഞ്ഞു.

പിന്നാലെ മല്‍ഷ ശരീഫ്, മഹ്‌സൂ മാജിദ് എന്നീ മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും സമാന അഭിപ്രായം പങ്കുവയ്ക്കുകയോ വിഷയത്തില്‍ പക്ഷംപിടിച്ച് പ്രതികരിക്കുകയോ ചെയ്തതോടെ വിവാദം കനത്തു. ഇതേസമയത്ത് ഇന്ത്യയില്‍ മാലദ്വീപ് വിരുദ്ധ ഹാഷ് ടാഗുകള്‍ വ്യാപകമായി. മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഉണ്ടായതോടെയാണ്, വിവാദത്തില്‍ അഭിപ്രായപ്രകടനം നടത്തിയ മന്ത്രിമാര്‍ക്കെതിരേ നടപടിയെടുത്തത്.



Post a Comment

0 Comments