Flash News

6/recent/ticker-posts

പ്രവാസികളെ കൊല്ലാന്‍ ലൈംഗീക ഉത്തേജക ജാമുകള്‍; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

Views

പ്രവാസികളെ ലക്ഷ്യമിട്ട് നിരവധി ലൈഗീക ഉത്തേജന ഔഷധങ്ങളും ക്രീമുകളുമാണ് വിപണയിലുള്ളത്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഇത്തരം ഉത്തേജക മരുന്നുകൾ പലതും വ്യാജവും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതുമാണെന്ന് ആരോഗ്യവിദഗ്ധർ വീണ്ടും മുന്നറിയിപ്പ് നൽകി.  തേൻ ഉപയോഗിച്ചുള്ള ലൈംഗീക ഉത്തേജക ഔഷധങ്ങൾക്കെതിരെ നേരത്തെ തന്നെ സൗദി ഫുഡ് ആന്റ് ഡ്രഗ് അഥോറിറ്റി(SFDA) മുന്നറിയിപ്പ് നൽകിയിരുന്നു. 

ഇത്തരം മരുന്നുകൾ പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തങ്ങൾ നടത്തിയ പരിശോധനയിൽ വ്യക്തമായതായി SFDA അറിയിച്ചു. ഈ ഉൽപ്പന്നങ്ങളിൽ പലതിലും ടഡലഫിൽ എന്ന ഫാർമസ്യൂട്ടിക്കൽ പദാർത്ഥം അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനാ ഫലം. ടഡലഫിൽ അടങ്ങിയ മരുന്ന് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ടതാണ്. ഡോക്ടർമാരുടെ അനുമതിയില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നും SFDA എ വ്യക്തമാക്കുന്നു. 

ഈയിടെയായി തുർക്കി ജാം എന്ന പേരിൽ പുറത്തിറങ്ങുന്ന മരുന്നാണ് വിപണയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത്. ഉത്തേജക മരുന്നു വിപണിയിലുണ്ട്. സ്ത്രീകൾ അടക്കമുള്ളവരാണ് ഇതിന്റെ വിപണനത്തിനായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്. കിടപ്പറയിൽ കുതിരയാകാം എന്ന തരത്തിലാണ് തുർക്കി ജാമിനെ സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ വരുന്ന പരസ്യങ്ങളിൽ അവകാശപ്പെടാറുള്ളത്. തുർക്കി ജാം കഴിച്ചാൽ ഒരു മണിക്കൂർ വരെ ലൈംഗിക ഉത്തേജനം നിലനിർത്താമെന്നാണ് അവകാശം. നിരവധി ലൈംഗീക ഉത്തേജന മരുന്നുകൾ മിക്‌സ് ചെയ്താണ് ഈ മരുന്നുണ്ടാക്കുന്നത്. നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് ഈ ജാമിന്റെ വിൽപന. ചിലരിൽ വിഷബാധ വരെയുണ്ടാകാൻ സാധ്യതയുള്ളതാണ് ഇത്തരം ജാമുകൾ എന്ന് നിരവധി മെഡിക്കൽ ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്യൂട്ട് ഇൻഫീരിയർ മയോകാർഡിയൽ അവസ്ഥക്ക് വരെ ഇത് കാരണമാകുമെന്നും മെഡിക്കൽ പഠനത്തിലുണ്ട്. 

തുർക്കിയിലെ കിഴക്കൻ കരിങ്കടൽ മേഖലയിലെ മലനിരകളിൽ വ്യാപകമായി വളരുന്ന റോഡോഡെൻഡ്രോൺ പോണ്ടിക്കം എന്ന തേനിൽനിന്നാണ് ഗ്രയാനോടോക്‌സിൻ അടങ്ങിയ തേൻ വേർതിരിച്ചെടുക്കുന്നത്. ഇത് ആളുകളിൽ ഉത്തേജനമുണ്ടാക്കുമെങ്കിലും തലകറക്കം, ഹൈപ്പർ ടെൻഷൻ, ബ്രാഡികാർഡിയ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പുറമെ, ഉത്തേജനം കാരണം ഉയർന്ന അളവിൽ ബോധക്ഷയം, ആട്രിയോ വെൻട്രിക്കുലാർ ബ്ലോക്ക്, അസിസ്‌റ്റോൾ എന്നിവക്കും കാരണമാകും. ഹൃദയത്തിന് പ്രശ്‌നമുള്ളവർ ഈ മരുന്ന് കഴിച്ചാൽ ഹൃദയസമ്മർദ്ദം വൻതോതിൽ വർധിക്കുകയും ചെയ്യും. മരണം വരെ സംഭവിക്കാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.  

പ്രവാസികൾ അടക്കമുള്ളവർ എപ്പോഴും ലൈംഗീക പ്രശ്‌നങ്ങൾ ഡോക്ടർമാരുമായി പങ്കുവെക്കാൻ മടികാണിക്കുന്നവരാണ്. സാധാരണ അസുഖം പോലെയാണ് ലൈംഗീക പ്രശ്‌നങ്ങളും. എന്നാൽ ഇത്തരം കാര്യങ്ങൾ ഡോക്ടർമാരോട് പങ്കുവെച്ചാൽ മാനഹാനിയുണ്ടാകുമോ എന്ന തരത്തിലാണ് ആളുകൾ ചിന്തിക്കുന്നത്. ഇവർ തുർക്കി ജാം പോലുള്ള വ്യാജ മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരാണ് പ്രവാസികൾ. ഇവരുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ വലിയ തോതിൽ ഉത്തേജനമുണ്ടാക്കുന്ന മരുന്നുകൾ കഴിച്ചാൽ മരണം വരെ സംഭവിച്ചേക്കാവുന്ന തരത്തിൽ ഗുരുതരമായ പ്രത്യാഘാതം സംഭവിക്കും.


Post a Comment

0 Comments