Flash News

6/recent/ticker-posts

ഏഷ്യൻ കപ്പ്;രണ്ടാം പകുതിയില്‍ പ്രതിരോധം പാളി, ഇന്ത്യക്ക് രണ്ട് ഗോള്‍ തോല്‍വി

Views
ദോഹ - ആദ്യ പകുതിയില്‍ സര്‍വം നല്‍കി പ്രതിരോധിച്ച ഇന്ത്യന്‍ ടീം ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ബി-യിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് രണ്ട് ഗോളിന് തോറ്റു. ജാക്‌സന്‍ ഇര്‍വിനും ജോര്‍ദാന്‍ ബോസും രണ്ടാം പകുതിയില്‍ സ്‌കോര്‍ ചെയ്തു. അഹ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന പ്രതീതിയാണ് ഇന്ത്യന്‍ പ്രവാസികള്‍ സൃഷ്ടിച്ചത്. ആ ആവേശം കളിക്കളത്തിലേക്ക് പടര്‍ന്നതോടെ ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയന്‍ പടയോട്ടം ചെറുത്തുനില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. 

എന്നാല്‍ ഇടവേള കഴിഞ്ഞയുടനെ ഓസ്‌ട്രേലിയ പ്രതിരോധം തകര്‍ത്തു. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ പിഴവാണ് ഗോളിന് കാരണം. ക്രോസ് പിടിക്കാന്‍ മുന്നോട്ടുകയറിയ ഗുര്‍പ്രീതില്‍ നിന്ന് പന്ത് അകന്നു. 10 വാര അകലെ നിന്ന് തുറന്ന വലയിലേക്ക് ഇര്‍വന്‍ ഷോട്ട് തൊടുത്തു. 
അതോടെ ഇന്ത്യയുടെ പോരാട്ടവീര്യം തകര്‍ന്നു. ഓസ്‌ട്രേലിയ പൂര്‍ണ നിയന്ത്രണം പിടിച്ചു. ഇന്ത്യന്‍ കാലുകള്‍ തകര്‍ന്നു. ഓസ്‌ട്രേലിയയെ പോലെ ഒന്നിനൊന്ന് മികച്ച പകരക്കാരെ ഇറക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല. എഴുപതാം മിനിറ്റില്‍ കളത്തിലിറങ്ങിയ ബോസ് സെക്കന്റുകള്‍ക്കകം ലീഡുയര്‍ത്തി. മറ്റൊരു പകരക്കാരന്‍ റിലെ മക്ഗ്രീ ബോക്‌സിലേക്ക് താഴ്ത്തിപ്പറത്തിയ പാസ് ഇരുപത്തൊന്നുകാരന്‍ വലയിലേക്ക് തിരിച്ചുവിട്ടു. 
കളി തീരാന്‍ ഏതാനും മിനിറ്റുകള്‍ അവശേഷിക്കെ ബോസിന് വീണ്ടും അവസരം കിട്ടിയെങ്കിലും ഇത്തവണ ലക്ഷ്യം തെറ്റി. 
ജപ്പാന്‍കാരി യോഷിമി യാമാഷിത പുരുഷ ഏഷ്യന്‍ കപ്പില്‍ കളി നിയന്ത്രിക്കുന്ന ആദ്യ വനിതയായി ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയുടെ വിജയസാധ്യത മരുഭൂമിയിലെ അസ്തമയസൂര്യനൊപ്പം മറയുമ്പോഴും ഗാലറിയില്‍ പ്രവാസി ഇന്ത്യക്കാര്‍ ആവേശത്തിന്റെ തീപ്പൊരികള്‍ കെടാതെ സൂക്ഷിച്ചു. മുപ്പത്താറായിരത്തിലേറെ കാണികള്‍ കളി കണ്ടു. വ്യാഴാഴ്ച ഉസ്‌ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത കലി. സിറിയയുമായി ഓസ്‌ട്രേലിയ കളിക്കും. ജയിച്ചാല്‍ അവര്‍ക്ക് പ്രി ക്വാര്‍ട്ടര്‍ ഏതാണ്ടുറപ്പാണ്.



Post a Comment

0 Comments