Flash News

6/recent/ticker-posts

ഫോട്ടോ എടുക്കുമ്പോൾ വയർ ഉള്ളിലേക്ക് വലിച്ച് നിൽക്കാറുണ്ടല്ലേ? എന്നാൽ ഇതുകൂടി അറിഞ്ഞോളൂ

Views


വയർ ചാടുന്നതിന് വണ്ണം ഒരു ഘടകമേയല്ല എന്നാണ് ചില ആളുകളുടെയെങ്കിലും ശരീരപ്രകൃതി കണ്ടാൽ നമുക്ക് തോന്നുക. മെലിഞ്ഞ ആളാണെങ്കിലും തടിച്ച ആളാണെങ്കിലും വയർ ചാടുകയെന്നാൽ വലിയ വിഷമമാണ് നമുക്കൊക്കെ. ഫോട്ടോ എടുക്കുമ്പോഴാണ് ഈ വിഷമം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഫോട്ടോയിൽ വയറും ശ്വാസവും ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് വളരെ നോർമൽ ആയി നാം ചെയ്തു പോരുന്ന കാര്യവുമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അത്ര ‘നോർമൽ’ അല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വയർ വലിച്ചു പിടിക്കുന്ന ശീലം ദീർഘകാലം തുടരുന്നത് അവർ ഗ്ലാസ് സിൻഡ്രോമിന് (Hour glass Syndrome) കാരണമാകുമത്രേ. വയർ വലിച്ചു പിടിക്കുമ്പോൾ മസിലുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലം വയറിന് മുകളിൽ ഒരു കുഴിഞ്ഞ ഭാഗം രൂപപ്പെടുന്ന അവസ്ഥയാണ് ‘അവർ ഗ്ലാസ് സിൻഡ്രോം'(Hour glass Syndrome). ശരീരത്തിൽ ഒരു പ്രത്യേക ഘടന രൂപപ്പെടുന്നതിനായി മസിലുകളെ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്ന അവസ്ഥയാണിത്. ഇത് പതിയേ വലിയ രോഗങ്ങൾക്കും വഴിവച്ചേക്കാം.

വയർ ഉള്ളിലേക്ക് വലിക്കുന്നത് ശീലമാക്കുന്നവർക്ക് പതിയെപ്പതിയെ ഇടുപ്പ്, കഴുത്ത്, നടുവ് എന്നിവിടങ്ങളിൽ തുടർച്ചയായ വേദനയും ശ്വാസതടസ്സവും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് യുഎസിലെ മിഷിഗൻ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ജൂലി വീബി പറയുന്നു. വയർ മറച്ചു പിടിക്കുന്നതിന് പകരം കുടവയർ കുറയ്ക്കാനുള്ള വഴികളാണ് നോക്കേണ്ടതെന്നും ജൂലി കൂട്ടിച്ചേർക്കുന്നു.

സമൂഹം കല്പിച്ചു വച്ചിരിക്കുന്ന സൗന്ദര്യസങ്കല്പങ്ങളാണ് വയർ അൽപം ചാടിയാൽ നമുക്കുണ്ടാകുന്ന അപകർഷതാ ബോധത്തിന് കാരണം. അമിതഭാരവും ചാടിയ വയറും ആരോഗ്യപ്രശ്‌നങ്ങൾ തന്നെയാണെങ്കിലും ഇവ പരിഹരിക്കാൻ നോക്കാതെ ഇവ മൂലം മാനസിക സമ്മർദം അനുഭവിക്കുന്നതാണ് മിക്കവരുടെയും പ്രശ്‌നം.



Post a Comment

0 Comments