Flash News

6/recent/ticker-posts

കടന്നുപോയത് സംഭവ ബഹുലമായ വർഷം, സൗദിക്ക്‌ അസൂയാവഹമായ നേട്ടങ്ങളുടെ പരമ്പര

Views
സൗദി : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും ഭരണചക്രത്തിന് യുവത്വത്തിന്റെ വേഗവും ചടുലതയും ഓജസ്സും നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘവീക്ഷണവും ഭരണ, നയതന്ത്ര പാടവവും സമ്മാനിച്ച അസൂയാവഹമായ നേട്ടങ്ങളുടെ പരമ്പരക്ക് സാക്ഷ്യം വഹിച്ചാണ് സൗദി അറേബ്യയുടെ കലണ്ടറിൽ നിന്ന് ഒരു വർഷം കൊഴിഞ്ഞുപോയത്. ബഹിരാകാശത്തിൽ സാന്നിധ്യമറിയിച്ച രാജ്യം 2034 ലോകകപ്പ്, എക്‌സ്‌പോ 2030 സംഘാടന ചുമതലകൾ നേടിയെടുക്കുകയും ചെയ്തു. 2027 എ.എഫ്.സി ഏഷ്യൻ കപ്പ് ആതിഥേയത്വ ചുമതലയും സൗദി അറേബ്യക്ക് ലഭിച്ചിട്ടുണ്ട്. ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ജിദ്ദയിൽ സംഘടിപ്പിച്ചു. നിരവധി സംഭവങ്ങൾക്കും സുപ്രധാന തീരുമാനങ്ങൾക്കും രാജ്യം കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചു. നിരവധി മേഖലകളിൽ ബില്യൺ കണക്കിന് റിയാലിന്റെ നിക്ഷേപങ്ങൾ നടത്തി. പുതിയ നിരവധി നിയമങ്ങൾ നടപ്പാക്കി. 
ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ പ്രവേശിക്കൽ, ആദ്യ സൗദി, അറബ്, മുസ്‌ലിം വനിതയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കൽ, പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് സമാരംഭം കുറിക്കൽ, ഔദ്യോഗിക ഇടപാടുകൾക്കും നടപടിക്രമങ്ങൾക്കും ഗ്രിഗോറിയൻ കലണ്ടർ അവലംബിക്കൽ, എണ്ണ വിലയിടിച്ചിൽ തടയാൻ  എണ്ണയുൽപാദനം സ്വമേധയാ വെട്ടിക്കുറക്കൽ, സൗദി വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം (കെ.എസ്.എ വിസ) ആരംഭിക്കൽ, ലോകത്തെങ്ങും നിന്നുള്ള നിക്ഷേപകർക്ക് സൗദി അറേബ്യ സന്ദർശിക്കാനും നിക്ഷേപാവസരങ്ങൾ കണ്ടെത്താനും അവസരമൊരുക്കുന്ന ബിസിനസ് വിസിറ്റ് വിസ സേവനം വിപുലീകരിക്കൽ, തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 60 ശതമാനം മുതൽ 80 ശതമാനം വരെ കുറക്കൽ, ബഹുരാഷ്ട്ര കമ്പനികളുടെ റീജനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് ആകർഷിക്കുന്നതിന് 30 വർഷത്തേക്ക് നികുതിയിളവ് നൽകൽ, പുതിയ ഗ്യാസ് ശേഖരം കണ്ടെത്തൽ, പുതുതായി നാലു സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ സ്ഥാപിക്കൽ, ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകോയുടെ നാലു ശതമാനം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ സനാബിൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് മാറ്റൽ, സ്‌പോർട്‌സ് ക്ലബ്ബ് സ്വകാര്യവൽക്കരണ, നിക്ഷേപ പദ്ധതി പ്രഖ്യാപനം എന്നിവയെല്ലാം പോയ വർഷത്തിലെ പ്രധാന നേട്ടങ്ങളാണ്.

ആഗോള, പ്രാദേശിക, മേഖല ഉച്ചകോടികൾ നടത്തി സൗദി അറേബ്യ പ്രാദേശികവും അന്തർദേശീയവുമായ സ്ഥാനം ഉറപ്പിച്ച വർഷമാണ് കടന്നുപോയത്. അറബ്-ചൈന സഹകരണ വികസന ഉച്ചകോടി (റിയാദ്), 32 ാമത് അറബ് ഉച്ചകോടി (ജിദ്ദ), ഗൾഫ്-മധ്യേഷ്യ ഉച്ചകോടി (റിയാദ്), പ്രഥമ സൗദി-ആഫ്രിക്ക ഉച്ചകോടി (റിയാദ്), അസാധാരണ അറബ്-ഇസ്‌ലാമിക് സംയുക്ത ഉച്ചകോടി (റിയാദ്) എന്നിവ ഇതിൽ പ്രധാനമാണ്. സൗഹൃദ രാജ്യങ്ങളിൽ സന്ദർശനങ്ങൾ നടത്തിയും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുത്തും ലോക രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായുള്ള സൗദി അറേബ്യയുടെ ബന്ധങ്ങൾ കിരീടാവകാശി കൂടുതൽ അരക്കിട്ടുറപ്പിച്ചു. 43 ാമത് ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് പ്രാദേശികമായും ആഗോള തലത്തിലും ജി.സി.സിയുടെ തന്ത്രപരമായ പങ്ക് സജീവമാക്കുന്നതിൽ രാജ്യം വിജയിച്ചു. സൗദി-അമേരിക്ക, ഗൾഫ്-അമേരിക്ക, അറബ്-ഇസ്‌ലാമിക്-അമേരിക്ക ഉച്ചകോടികൾക്ക് തുടർച്ചയായി ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ നേതൃപാടവം സ്ഥിരീകരിച്ചു. 
സൗഹൃദ രാജ്യങ്ങളുമായി സമതുലിതമായ ബന്ധം സ്ഥാപിക്കുന്നതിൽ യുക്തിസഹവും ഉറച്ചതുമായ നിലപാട് തുടർന്നു. ഇതിലൂടെ സുഡാൻ ആഭ്യന്തര സംഘർഷവും റഷ്യ-ഉക്രൈൻ സംഘർഷവുമടക്കമുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ആത്മാർഥവും സത്യസന്ധവുമായ മധ്യസ്ഥത വഹിക്കാൻ സാധിച്ചു. 
മേഖല സുരക്ഷക്കും സമാധാനത്തിനും പിന്തുണ നൽകാനുള്ള അടിയുറച്ച നിലപാടുകളുടെ ഭാഗമായി ചൈനീസ് മധ്യസ്ഥതയിൽ ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതും യെമനിൽ വെടിനിർത്തൽ നടപ്പാക്കിയതും സമാധാന ശ്രമങ്ങൾ ഊർജിതമാക്കിയതും പന്ത്രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ജിദ്ദ അറബ് ഉച്ചകോടിക്കു മുന്നോടിയായി സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിച്ചതും പോയ വർഷം നയതന്ത്ര മേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങളിൽ പെടുന്നു. ഗാസ യുദ്ധത്തിന് അറുതിയുണ്ടാക്കാനുള്ള അറബ്, ഇസ്‌ലാമിക് സമ്മർദങ്ങൾക്ക് സൗദി അറേബ്യ നേതൃത്വം വഹിക്കുകയും ഈ ലക്ഷ്യത്തോടെ റഷ്യയും ചൈനയും ബ്രിട്ടനും സ്‌പെയിനും ഫ്രാൻസും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സന്ദർശിച്ച് ഉന്നതതല ചർച്ചകൾ നടത്തുകയും ചെയ്തു. സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും ആഗോള തലത്തിൽ രാജ്യത്തിനുള്ള സ്ഥാനവും കണക്കിലെടുത്ത് ബ്രിക്‌സ് ഗ്രൂപ്പ് അംഗത്വം സ്വീകരിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ സൗദി അറേബ്യയെ ക്ഷണിച്ചു. എല്ലാ വർഷവും മാർച്ച് 11 ന് ദേശീയപതാക ദിനമായി ആചരിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ ഉത്തരവിറക്കി. 
റിയാദിലെ ന്യൂ മുറബ്ബ, അസീറിലെ അൽസൂദ പീക്‌സ് പദ്ധതികൾ, റിയാദ്, ജിസാൻ, റാസൽഖൈർ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിൽ നാലു പുതിയ സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ എന്നിവക്ക് സമാരംഭം കുറിച്ചു. നിക്ഷേപങ്ങൾ ആകർഷിക്കുന്ന വ്യാവസായിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ദേശീയ വ്യവസായ തന്ത്രവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. 
ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്ക് ധാരണാപത്രം ഒപ്പുവെച്ചത് മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക, വാണിജ്യ ബന്ധം ശക്തമാക്കാൻ സഹായിക്കും. ക്ലീൻ എനർജിയിലേക്കുള്ള പരിവർത്തന ശ്രമങ്ങളുടെ ഭാഗമായി നിയോമിലെ ഓക്‌സാജൻ സിറ്റിയിൽ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഫാക്ടറിക്ക് ദേശീയ വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം നൽകി. വ്യാപാര സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും ഈ മേഖലയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളുമായി പൊരുത്തപ്പെട്ടു പോകാനും പുതിയ കമ്പനി നിയമം പ്രഖ്യാപിച്ചു. 
ഈ വർഷം ആദ്യ പാദത്തിൽ ടൂറിസം മേഖലയിൽ 64 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് സർവകാല റെക്കോഡ് ആണ്. ഉറൂഖ് ബനീമആരിദ് റിസർവ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിൽ രാജ്യം വിജയിച്ചു. 5ജി നെറ്റ്‌വർക്ക് ലഭ്യതയിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്താൻ സൗദി അറേബ്യക്ക് സാധിച്ചു. റിയാദ് കിംഗ് സൽമാൻ എയർപോർട്ട്, അബഹയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ മാസ്റ്റർ പ്ലാനുകൾ പ്രഖ്യാപിച്ചു. ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചതിനു പുറമെ സ്വന്തം ഇലക്ട്രിക് കാർ ബ്രാൻഡ് ആയ സീർ പ്രഖ്യാപിക്കുകയും ചെയ്തു. ഇവയടക്കം എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് കഴിഞ്ഞ വർഷം സൗദി അറേബ്യ കൈവരിച്ചത്.

✍️ ബഷീർ ചുളളിയോട്


Post a Comment

0 Comments