Flash News

6/recent/ticker-posts

സൗദിയിൽ മദ്യശാലകൾ തുറന്നോ; പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്

Views

റിയാദ് : സൗദി അറേബ്യയിൽ ഇതാദ്യമായി മദ്യശാല തുറന്നിരിക്കുന്നുവെന്നും നിലവിലെ നയങ്ങളിലെ മാറ്റമാണെന്നുമുള്ള വാർത്ത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആഘോഷിക്കുന്നത് സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ. സൗദിയിലെ അമുസ്ലിം രാജ്യങ്ങളുടെ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പ്രത്യേക പാനീയങ്ങൾ സ്വന്തമായി കൊണ്ടുവരാൻ ഇതുവരെയുണ്ടായിരുന്ന അനുമതി പിൻവലിച്ച് നിയന്ത്രണം കൊണ്ടുവന്നതാണ് പുതിയ വാർത്തകളുടെ ആധാരം. 
നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഡ്രിങ്കുകൾ ഇറക്കുമതി ചെയ്യുന്നതിന് സൗദി വിദേശകാര്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വാർത്ത കഴിഞ്ഞ 22ന്  പ്രസിദ്ധീകരിച്ചിരുന്നു. എംബസികൾക്ക് ഇതുവരെയുണ്ടായിരുന്ന ഇറക്കുമതി അനുമതി വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടതാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണം. അഥവാ അമുസ്ലിം രാജ്യങ്ങളുടെ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യത്തിന് വിദേശകാര്യമന്ത്രാലയം സൗകര്യപ്പെടുത്തിയ പ്രത്യേക ആപ്ലിക്കേഷൻ വഴി മാത്രം അത്തരം പാനീയങ്ങൾ ആവശ്യപ്പെടാം. സ്വന്തമായി കൊണ്ടുവരാൻ സാധിക്കില്ല. ഇതാണ് സൗദിയിൽ മദ്യശാല തുടങ്ങിയെന്ന പേരിൽ പ്രചരിക്കുന്നത്. അതായത് രാജ്യത്തേക്ക് നയതന്ത്ര പരിരക്ഷയുടെ പേരില്‍ അനിയന്തിതമായി മദ്യം കൊണ്ടുവന്നിരുന്ന രീതി ഇനി മുതല്‍ അനുവദിക്കില്ലെന്ന് ചുരുക്കം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം, സൗദിയിലെ ഔദ്യോഗിക മാധ്യമങ്ങളൊന്നും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിൽനിന്ന് ഇറങ്ങുന്ന ചില മാധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്ത കാര്യമറിയാതെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നയതന്ത്ര ബന്ധങ്ങളുടെ പരിരക്ഷയുടെ ഭാഗമായി പ്രത്യേക പാനീയങ്ങളും മറ്റും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ 1961ലെ വിയന്ന കൺവെൻഷൻ തീരുമാനപ്രകാരം അനുമതിയുണ്ടായിരുന്നു. ചൂഷണത്തിന് വിധേയമാകാത്ത നിയന്ത്രിത അളവിലും എണ്ണത്തിലും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇത് വ്യാപകമായി ചൂഷണം ചെയ്യാൻ തുടങ്ങിയതോടെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. 

അതേസമയം മദ്യത്തിന്റെ ഉപയോഗത്തിനും വിൽപനക്കും സൗദിയിൽ ഇപ്പോഴും നിരോധനം നിലനിൽക്കുന്നുണ്ട്. മദ്യസേവകർക്ക് ഒമ്പത് മാസം തടവോ 80 അടിയോ ആണ് ശിക്ഷ. വിദേശികളാണെങ്കിൽ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും.


Post a Comment

0 Comments