Flash News

6/recent/ticker-posts

ജയിലിൽ കഴിയുന്ന പിതാവിന്റെ സാന്നിധ്യം തന്റെ വിവാഹത്തിൽ ഉണ്ടാകണമെന്ന ആഗ്രഹം നിറവേറ്റി ദുബൈ പൊലീസ്

Views

ദുബൈ : പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കാറുണ്ട്. ജയിലിൽ കഴിയുന്ന പിതാവിൻറെ സാന്നിധ്യം തൻറെ വിവാഹത്തിൽ ഉണ്ടാകണമെന്ന പെൺകുട്ടിയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് പൊലീസ്. അറബ് പെൺകുട്ടിയാണ് പിതാവിന് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി തേടി അപേക്ഷ നൽകിയത്. തുടർന്ന് ദുബൈ ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് പ്യൂണിറ്റീവ് ആൻറ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെൻറ് പെൺകുട്ടിയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. അറബ് വംശജനായ യുവാവുമായി പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യം അറിയിച്ച് പെൺകുട്ടി ജയിൽ വകുപ്പിന് കത്തെഴുതി. പിതാവിൻറെ അനുവാദവും സാന്നിധ്യവും വിവാഹത്തിന് അനിവാര്യമാണെന്ന് അവർ കത്തിലൂടെ അറിയിച്ചു. വിവാഹ ചടങ്ങിൽ പിതാവ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് തൻറെയും കുടുംബത്തിൻറെയും അഭിലാഷമെന്നും പെൺകുട്ടി വ്യക്തമാക്കി. പെൺകുട്ടിയുടെ അപേക്ഷ വിശകലനം ചെയ്യുകയും കുടുംബത്തിൽ പിതാവിൻറെ സ്ഥാനവും മറ്റ് സാമ്പത്തിക, വൈകാരിക ഘടകങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫാർ പറഞ്ഞു. പെൺകുട്ടിയുടെ സന്തോഷത്തിനായി വിവാഹവേദിയും മറ്റ് സഹായങ്ങളും അധികൃതർ നൽകി. ജയിൽ വകുപ്പ് ഒരുക്കിയ വിവാഹ വേദിയിലാണ് അറബ് പെൺകുട്ടിയുടെ വിവാഹം നടന്നത്. ഇതിന് പുറമെ പുതിയ വീട് ഒരുക്കുന്നതിനുള്ള സഹായവും അധികൃതർ നൽകി. വിവാഹത്തിന് കാർമ്മികത്വം വഹിക്കുന്നതിനായി വകുപ്പ് ശൈഖ് അഹ്മദ് അൽ ഷിഹിയെ ക്ഷണിച്ചു. തടവുകാരുടെ കുടുംബത്തിന് കരുതൽ നൽകുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് ഓഫീസർ അറിയിച്ചു. വധൂവരൻമാരും പിതാവും ദുബൈ പൊലീസിന് നന്ദി അറിയിച്ചു.



Post a Comment

0 Comments