Flash News

6/recent/ticker-posts

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തുക വീണ്ടും കുടിശ്ശിക

Views

മലപ്പുറം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സമയബന്ധിതമായി കൈമാറുമെന്ന വാഗ്ദാനം നടപ്പാക്കാതെ സർക്കാർ. പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ രണ്ട് മാസത്തേയും പാചകത്തൊഴിലാളികൾക്കുള്ള കൂലിയിൽ ഒരു മാസത്തേയും തുക കുടിശ്ശികയാണ്. മൂന്ന് മാസം കൂടുമ്പോഴാണ് പണം അനുവദിക്കുന്നത്. ഈ അദ്ധ്യയന വർഷം മുതൽ അതത് മാസത്തെ തുക മുൻകൂറായി നൽകുമെന്നായിരുന്നു വാഗ്ദാനം. പാചക തൊഴിലാളികൾക്ക് നവംബർ വരെയുള്ള കൂലിയാണ് നൽകിയത്. പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ നവംബർ, ഡിസംബർ മാസങ്ങളിലെ തുക ലഭിക്കാനുണ്ട്. കുടിശ്ശികയായ തുക എന്ന് നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ല.
അതത് സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുമ്പോഴും 2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 2021 മുതൽ പ്രമോഷൻ നേടി പ്രധാനാദ്ധ്യാപക തസ്തികയിൽ വന്നവർക്ക് എച്ച്.എം.സ്‌കെയിൽ പ്രകാരമുള്ള ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇത് നൽകുന്നില്ല. എച്ച്.എം.തസ്തികയിൽ വരുന്നതിന് മുമ്പുള്ള ശമ്പളം തന്നെയാണ് കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും ഇവർക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യതയാവുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കുക ഇവർക്ക് പ്രയാസമാണ്. 150 വിദ്യാർത്ഥികളുള്ള ഒരു സ്‌കൂളിന് ഒരു വിദ്യാർത്ഥിക്ക് എട്ട് രൂപ നിരക്കിലും 151 മുതൽ 500 വരെ വിദ്യാർത്ഥികളുള്ള സ്‌കൂളിന് ഏഴ് രൂപ നിരക്കിലും 500ന് മുകളിൽ വിദ്യാർത്ഥികളുള്ള സ്‌കൂളിന് ആറ് രൂപ നിരക്കിലുമാണ് തുക അനുവദിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം നൽകണം. ഇതിനൊന്നും അധിക തുക അനുവദിക്കുന്നില്ല.


Post a Comment

0 Comments