Flash News

6/recent/ticker-posts

ബസ് വരുന്ന സമയം ഇനി ബോര്‍ഡുകള്‍ പറയും; ഹൈടെക്ക് ആയി മലപ്പുറത്തെ ബസ് സ്റ്റോപ്പുകള്‍

Views


മലപ്പുറം: നഗരസഭയുടെ കീഴില്‍ തുടര്‍ച്ചയായി നടപ്പിലാക്കിവരുന്ന വേറിട്ടതും, നൂതനവുമായ പദ്ധതികളുടെ ഭാഗമായി നഗരസഭ പ്രദേശത്തെ ബസ്റ്റോപ്പുകളില്‍ ബസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇത് പ്രകാരം മലപ്പുറത്ത് നിന്ന് പുറപ്പെടുന്നതും മലപ്പുറം വഴി കടന്നു പോകുന്നതുമായ ബസ്സുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഇനിമുതല്‍ ബസ്റ്റോപ്പില്‍ നിന്നും യാത്രക്കാര്‍ക്ക് ലഭ്യമാകും. വിവിധ ബസ്സുകള്‍ കടന്നുപോകുന്ന സമയം, നിശ്ചിത ബസ്റ്റോപ്പില്‍ എത്തിച്ചേരുന്ന സമയം, ബസുകളുടെ യാത്ര സംബന്ധിച്ച് മുന്‍ തീരുമാനത്തില്‍ നിന്ന് മാറ്റം ഉണ്ടെങ്കില്‍ ആയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇനി എത്ര സമയത്തിനുള്ളില്‍ ആണ് അടുത്ത ബസ്സുകള്‍ ഇതുവഴി കടന്നു പോകുന്നത് എന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ആധുനിക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി തയ്യാറാക്കിയ ബസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ലഭ്യമാകും. ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്തി ബസ്സുകള്‍ മറ്റൊരിടത്ത് എത്തിച്ചേര്‍ന്നാല്‍ ആ പ്രദേശത്തെ മറ്റ് ബസുകളുടെ വിവരവും മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാക്കാനാവും. സ്വകാര്യ ബസ്സുകളുടെയും കെഎസ്ആര്‍ടിസി ബസ്സുകളുടെയും സമ്പൂര്‍ണ്ണമായ വിവരം ഈ സിസ്റ്റം പ്രകാരം ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ലഭ്യമാകും.

രാത്രി വൈകിയും മറ്റും ബസ് സ്റ്റോപ്പുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വരാനിരിക്കുന്ന ബസ്സുകളുടെ സമയത്തിത്തെക്കുറിച്ച് ധാരണയില്ലാത്തതുമൂലം ഉണ്ടായേക്കാവുന്ന അനിശ്ചിതത്വത്തിനും, പ്രയാസത്തിനും ഇതുമൂലം അറുതിയാവും.ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ 24 മണിക്കൂറും ബസ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും.കൂടാതെ ബസ് റൂട്ട് സ്റ്റാറ്റസ്, ബസ് റിമൈന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മൊബൈല്‍ അപ്ലിക്കേഷനും ഇതോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബസ് യാത്രക്കാരുടെ യാത്രയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് കൃത്യമായ പ്ലാനിങ്ങും, അനാവശ്യമായി ബസ് കാത്തിരുന്ന് സമയം നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ളവ ഈ സംവിധാനം സ്ഥാപിക്കുന്നതോടുകൂടി ഇല്ലാതാവും. ആദ്യഘട്ടത്തില്‍ മലപ്പുറം കോട്ടപ്പടി ബസ് ബേ, ആലത്തൂര്‍പടി ബസ്റ്റോപ്പ്, കുന്നുമ്മല്‍ ബസ്റ്റോപ്പ് എന്നിവിടങ്ങളില്‍ ആണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.


Post a Comment

0 Comments