Flash News

6/recent/ticker-posts

തൃശൂരില്‍ ഹൈറിച്ച് കമ്പനിയിലും ഉടമകളുടെ വീടുകളിലും ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരെത്തും മുന്നേ ദമ്പതികൾ മുങ്ങി

Views

തൃശൂർ - തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ നെറ്റ് വർക്ക് മാർക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമകളുടെ വീടുകളിലും കമ്പനിയിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയെ തുടർന്നാണ് ഇഡി റെയ്ഡ് നടക്കുന്നത്. നൂറു കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പരാതി. സായുധസേനാംഗങ്ങളടക്കമുള്ളവർ റെയ്ഡിനെത്തിയിരുന്നു. റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികൾ മുങ്ങി. എം.ഡി കെ.ഡി പ്രതാപൻ, ഭാര്യയും കമ്പനി സി.ഇ.ഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവരാണ് മുങ്ങിയത്.

ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നേരത്തെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിരുന്നു. ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് തൃശൂർ അഡീ. സെഷൻസ് കോടതിയിൽ ചേർപ്പ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. വലിയ തട്ടിപ്പായതിനാൽ തുടരന്വേഷണത്തിനായി ഉയർന്ന അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇഡി ഹൈറിച്ചിൽ എത്തിയിരിക്കുന്നത്. ഓണ്‍ലൈൻ ഷോപ്പിങ്ങിന്‍റെ മറവിൽ ഹൈറിച്ച് നടത്തിയത് മണിച്ചെയിൻ തട്ടിപ്പാണെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 1.63 കോടി ആളുകളിൽനിന്ന് പണം കൈപ്പറ്റി. നിയമങ്ങളൊന്നും പാലിക്കാതെയാണ് ഈ ഫണ്ടുശേഖരണം നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തട്ടിപ്പിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയാണ് കോടതിയെ സമീപിച്ചിരുന്നത്. തുടർന്ന് കോടതി അന്വേഷണം നടത്താൻ ഉത്തരവിടുകയും ഇതനുസരിച്ച് ചേർപ്പ് പോലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയുമായിരുന്നു. ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി കണ്ടുകെട്ടാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു.



Post a Comment

0 Comments