Flash News

6/recent/ticker-posts

'കൈവെട്ട് പരാമർശം കലാപത്തിനുളള ആഹ്വാനം'; എസ്.കെ.എസ്.എസ്.എഫ് നേതാവിനെതിരേ പരാതി

Views

കോഴിക്കോട് - സമസ്തയുടെ പണ്ഡിതന്മാരെയും നേതാക്കളെയും മറ്റും പ്രയാസപ്പെടുത്തുന്നവരെ കൈവെട്ടാൻ തയ്യാറാണെന്ന വിവാദ പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ കേസെടുക്കണമെന്ന് പരാതി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക്‌ പരാതി നൽകിയത്.
 എസ്.കെ.എസ്.എസ്.എഫിന്റെ മുഖദ്ദസ് സന്ദേശയാത്രയിൽ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശമുണ്ടായത്. സമസ്ത പണ്ഡിതൻമാരെ വെറുപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൈ വെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമുള്ള പരാമർശം രാജ്യത്തിന്റെ ഭരണഘടനയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് പരാതി

 'സമസ്തയുടെ പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാദാത്തുക്കളെയും വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ പ്രവർത്തകരുടെ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ മുന്നിലുണ്ടാകുമെന്നായിരുന്നു സത്താർ പന്തല്ലൂർ പ്രഖ്യാപിച്ചത്. ഇതിനെ അപര്യാദയായി ആരും കാണേണ്ടതില്ലെന്നും ഇത് സമസ്തയക്കു വേണ്ടി ജനിച്ച, അതിനുവേണ്ടി ജീവിക്കുന്ന, അതിനുവേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണെന്നുമാണ് സത്താർ പന്തല്ലൂർ ഓർമിപ്പിച്ചത്. 
 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ ഒരു തീരുമാനം പ്രഖ്യാപിച്ചാൽ ആ മുശാവറയുടെ തീരുമാനം അവസാനശ്വാസം വരെ നടപ്പാക്കാൻ ബാധ്യസ്ഥരാണ് നാം. അതിന് തയ്യാറല്ലാത്തവരെ സമസ്തക്ക് ആവശ്യമില്ല. അവരെ എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ല. സമസ്തയുടെ 40 അംഗ മുശാവറ കേരളത്തോട് ഒരു തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത് ഇജ്മാഅ് ആണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. സമസ്തയെ കൊച്ചാക്കുന്ന, നിഷ്പ്രഭമാക്കാൻ ശ്രമിക്കുന്ന, സമസ്തയുടെ പാവങ്ങളായ ഉസ്താദുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ആരു വന്നാലും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ എസ്.കെ.എസ്.എസ്.എഫിന് ശക്തിയുണ്ടെന്ന് അറിയിക്കുകയാണ്.സമസ്ത ഒരു പ്രസ്ഥാനത്തെ, വ്യക്തിയെ, ഒരു സ്ഥാപനത്തെ, ഒരു സംവിധാനത്തെക്കുറിച്ച് തെറ്റാണെന്നു പറഞ്ഞാൽ ഞങ്ങൾ തെറ്റാണെന്നു പറയും. സമസ്ത ശരിയാണെന്നു പറഞ്ഞാൽ എസ്.കെ.എസ്.എസ്.എഫും ശരിയാണെന്നു പറയും. 
 പക്ഷേ, സമസ്ത ഒരു തീരുമാനം പറഞ്ഞതിന്റെ പേരിൽ അതിന്റെ കൂടെ നിന്നവരെ വേട്ടയാടാൻ വന്നാൽ അവരെ തിരിച്ചും വേട്ടയാടാൻ ഈ പ്രസ്ഥാനത്തിന് സാധിക്കും. ഞങ്ങൾക്ക് ആരോടും കടപ്പാടില്ല, ഞങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയോട് മാത്രമേ കടപ്പാടുള്ളൂ. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, ഉസ്താദുമാരെ, സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ പ്രവർത്തകരുടെ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപര്യാദയായി കാണേണ്ടതില്ല. ഇത് സമസ്തയക്കു വേണ്ടി ജനിച്ച, അതിനുവേണ്ടി ജീവിക്കുന്ന, അതിനുവേണ്ടി മരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. ബിദഈ പ്രസ്ഥാനക്കാരോടും തീവ്രവാദ സംഘടനകളോടും വിഘടിതരോടുമൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. ഈ പ്രസ്ഥാനം ഒരേയൊരു വിട്ടുവീഴ്ചയ്‌ക്കേ തയ്യാറുള്ളൂ. അത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറക്കു മുമ്പിൽ മാത്രമാണെന്നുമായിരുന്നു പ്രസംഗം. ഈയിടെ നടന്ന സമസ്തയുടെ പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളജിന്റെ 59-ാമത് വാർഷിക സമ്മേളനത്തിൽ സമസ്തയുടെ യുവജനവിഭാഗം നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനോടൊപ്പം പ്രോഗ്രാമിൽ ഇടം നൽകാതെ നേതൃത്വം അവഗണിച്ച വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.


Post a Comment

0 Comments