Flash News

6/recent/ticker-posts

ലോക്സഭാ തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്-ൽ ധാരണ; 15 ഇടത്ത് സിപിഎം, 4 ഇടത്ത് സിപിഐ, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്

Views

തിരുവനന്തപുരം : എൽ.ഡി.എഫിൽ ലോക്സഭാ സീറ്റുവിഭജനം പൂർത്തിയായി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റില്‍ സി.പി.ഐയും മത്സരിക്കും. ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കും. രണ്ടാമതൊരു സീറ്റിനായി കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടിരുന്നെങ്കിലും അം​ഗീകരിക്കാനാവില്ലെന്ന് സി.പി.എം. വ്യക്തമാക്കി. ആർ.ജെ.ഡിയും ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ കക്ഷികൾ തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലാണ് നിലവിൽ സി.പി.എം.

എപ്പോൾ തിരഞ്ഞെടുപ്പ് വന്നാലും നേരിടാൻ ഇടതുമുന്നണി സജ്ജരാണെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി ജയരാജൻ. തിരഞ്ഞെടുപ്പ് വേ​ഗത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 14-ന് എല്ലാ ജില്ലകളിലും ഇടതുമുന്നണിയുടെ ജില്ലാ കമ്മിറ്റി യോ​ഗം ചേരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ കൺവെൻഷനുകൾ ആരംഭിക്കും. ഫെഡറൽ തത്വങ്ങൾക്കെതിരെയുള്ള കടന്നാക്രമണം പ്രതിരോധിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ഇന്ത്യൻ പാർലമെന്റിൽ ഇടതു സ്വാധീനം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. 16 സീറ്റുകളിലും സി.പി.ഐ. നാല് സീറ്റുകളിലുമായിരുന്നു മത്സരിച്ചത്. എന്നാൽ, അക്കൊല്ലം ആലപ്പുഴയില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന് വിജയിക്കാനായത്. ശേഷിക്കുന്ന 19 സീറ്റുകളിലും യു.ഡി.എഫ്. നേടി.


Post a Comment

0 Comments