Flash News

6/recent/ticker-posts

ലൈസന്‍സ് ടെസ്റ്റ് ദിവസം 30 പേര്‍ക്ക്, എം80 പോലുള്ള ടൂവീലര്‍ ഇല്ല; ഡ്രൈവിങ് ലൈസന്‍സ് ഇനി ഈസിയല്ല

Views

'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് പുതിയത് നിര്‍ദേശം. അതിനാല്‍ത്തന്നെ ഹാന്‍ഡില്‍ ബാറില്‍ ഗിയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാനാകില്ല. ബജാജ് എം-80 പോലെയുള്ള ഇരുചക്രവാഹനങ്ങളാണ് മിക്കയിടങ്ങളിലും ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഇങ്ങനെ ലൈസന്‍സ് നേടുന്നവര്‍ പിന്നീട് നിരത്തില്‍ ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുകണ്ടാണ് പുതിയ നിര്‍ദേശം. നിര്‍ദേശം നടപ്പാകുന്നതോടെ മോട്ടോര്‍ സൈക്കിളുകള്‍ത്തന്നെ ഉപയോഗിക്കേണ്ടതായി വരും. നാലുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കും.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഡ്രൈവിങ് ക്ഷമത പരിശോധിക്കുന്നതിന് ഇവ അപര്യാപ്തമാണെന്നുകണ്ടാണ് മാറ്റം. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിന് വിധേയരാകുന്നവര്‍ മാനുവല്‍ ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. റോഡ് ടെസ്റ്റുകള്‍ ഗ്രൗണ്ടില്‍ നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റ് കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നേരത്തേ പ്രസ്താവിച്ചിരുന്നു.

 ഡ്രൈവിങ് സ്‌കൂളുകള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തും. സുരക്ഷാസംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താത്തതോയാണ് പഴയ വാഹനങ്ങള്‍ എന്നതിനാലാണ് മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോഡ് ചെയ്യുന്നതിന് ഡാഷ് ബോര്‍ഡ് ക്യാമറയും വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ടെസ്റ്റിനുശേഷം അതിന്റെ മെമ്മറി കാര്‍ഡ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. മൂന്നുമാസം ഈ ഡേറ്റ ഓഫീസില്‍ സൂക്ഷിക്കണം. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി മോട്ടോര്‍ മെക്കാനിക്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് കോഴ്സ് വിജയിച്ചവരെ പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്.

ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും പത്തെണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തല്‍ കൂടുതല്‍ നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഇതിന് ആനുപാതികമായാട്ടായിരിക്കും ലേണേഴ്സ് ടെസ്റ്റിനും അപേക്ഷകരെ അനുവദിക്കുക.



Post a Comment

0 Comments