Flash News

6/recent/ticker-posts

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗങ്ങൾ തുടങ്ങി

Views
മലപ്പുറം: മലപ്പുറം ജില്ലയിലെ നാല് മേഖലകളിലായി നടക്കുന്ന ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകനയോഗങ്ങൾ തുടങ്ങി. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം നടപ്പിലാക്കേണ്ടതുമായ പദ്ധതികളുടെ അവലോകനമാണ് മേഖലാ തലങ്ങളിൽ ഫെബ്രുവരി 5,6 തീയ്യതികളിൽ നടക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പുറമേ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് എ.ഇ, ബ്ലോക്ക്, പഞ്ചായത്ത് തല എഞ്ചിനീയർമാർ, കരാറുകാർ വിവിധ പദ്ധതികളുടെ കൺവീനർമാർ എന്നിവരാണ് അവലോകന യോഗങ്ങളിൽ പങ്കെടുക്കുന്നത്. കാലത്ത് പത്തുമണിക്ക് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന മലപ്പുറം മേഖല അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, കൊണ്ടോട്ടി ബ്ലോക്കുകളിലെ പദ്ധതികൾ അവലോകനം ചെയ്തു. ഫെബ്രുവരി 29നകം പൂർത്തിയായ പ്രവർത്തികളുടെ ബില്ലുകളും മാർച്ച് പത്തിനകം ഈ വർഷം പൂർത്തീകരിക്കുന്ന പദ്ധതികളുടെ പാർട്ട് ഫൈനൽ ബില്ലുകളും സമർപ്പിക്കാൻ നിർദ്ദേശം നൽകി. ഫിബ്രുവരി 7നു സബ് ഡിവിഷൻ എഞ്ചിനീയർമാരുടെ ജില്ലാ തല അവലോകനവും ഫെബ്രുവരി 8നു ജലജീവൻ മിഷൻ പദ്ധതിയുടെ ചുമതലയുള്ള വാട്ടർ അതോറിറ്റി എഞ്ചിനീയർമാരുടെ യോഗവും ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരാനും തീരുമാനിച്ചു. യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻറ്റിങ് കമ്മിറ്റി അംഗം വി.കെ.എം ഷാഫി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബഷീർ രണ്ടത്താണി, സെലീന ടീച്ചർ, റഹ്മത്തുന്നിസ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ടി. അഷറഫ്, ടി.പി. ഹാരിസ്, പി.കെ.സി. അബ്ദുറഹിമാൻ, പി. ഷഹർബാൻ, എ.പി. ഉണ്ണികൃഷ്ണൻ, അഡ്വ. ഷെറോണ, ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കുറുമാടൻ, വി.പി. ജസീറ എന്നിവർ സംബന്ധിച്ചു. വണ്ടൂരിൽ ചേർന്ന അവലോകന യോഗത്തിൽ വണ്ടൂർ, നിലമ്പൂർ, കാളികാവ്, അരീക്കോട് സബ്ഡിവിഷനിലെ പദ്ധതികൾ അവലോകനം ചെയ്തു. 6ന് (ഇന്ന്) കാലത്ത് 10 മണിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കുറ്റിപ്പുറം, തിരൂർ, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളുടെയും ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ താനൂർ, തിരൂരങ്ങാടി, വേങ്ങര ബ്ലോക്കുകളുടെ അവലോകന യോഗങ്ങളും നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments