Flash News

6/recent/ticker-posts

ബജറ്റിൽ പ്രവാസി വിഹിതം വർധിപ്പിക്കാതെ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം.

Views

തിരൂരങ്ങാടി: കേരള നിയമസഭയിൽ ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ക്ഷേമ പദ്ധതികൾക്കായി കാര്യമായി ഒന്നും ഇല്ലെന്നും പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെതിൽ നിന്നും  സർക്കാർ വെട്ടി കുറച്ചിരിക്കുകയാണെന്നും ഇത് പ്രതിഷേധാർഹവുമാണെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയും കൺവീനർ മുഹമ്മദലി ചുള്ളിപ്പാറയും പറഞ്ഞു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കായി കഴിഞ്ഞ തവണ 50 കോടി വയിരുത്തിയത് ഇത്തവണ 6 കോടി കുറവ് വരുത്തി 44 കോടിയാക്കി ചുരുക്കിയിരിക്കുന്നു. എൻ. ആർ. കെ. വെൽഫയർ ബോർഡ്  വഴി ക്ഷേമ പദ്ധതികൾക്ക് കഴിഞ്ഞ തവണ 15 കോടി രൂപ വകയിരുത്തിയിരുന്നത്  ഈ ബജറ്റിൽ രണ്ട് കോടി കുറവ് വരുത്തി   13 കോടിയാക്കി കുറച്ചിരിക്കുന്നു.
കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് ചികിൽസാ സഹായമായി 50000 രൂപയും മക്കളുടെ വിവാഹ ധനസഹായമായി ഒരു ലക്ഷം രൂപയും വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായമായി പതിനായിരം രൂപയും ഒറ്റത്തവണയായി ലഭിച്ചിരുന്ന  പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന 'സാന്ത്വനം' പദ്ധതിക്ക് കഴിഞ്ഞ വർഷം അനുവദിച്ച വിഹിതമല്ലാതെ തുക വർധിപ്പിക്കാൻ മന്ത്രി തയ്യാറായിട്ടില്ല. പ്രവാ
സ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ജീവനോപാധി ഉറപ്പാക്കുന്നതിന് വേണ്ടി സംരംഭങ്ങൾ തുടങ്ങുന്നതിന്  ആവിഷ്കരിച്ച എൻ. ഡി. പി. ആർ.ഇ. എം. പദ്ധതിയുടെയും ബജറ്റ് വിഹിതം വർധിപ്പിച്ചിട്ടില്ല. ആഗോള മാന്ദ്യവും സ്വദേശി വൽക്കരണവും മൂലം തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി സബ്സിഡിയോട് കൂടി വായ്പയെടുത്ത് സംരഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതിയാണ് എൻ. ഡി. പി. ആർ.ഇ. എം. പദ്ധതി. ഈ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ തവണ അനുവദിച്ച 25 കോടി തന്നെയാണ് ഇത്തവണയും അനുവദിച്ചിട്ടുള്ളത്.
പ്രവാസികൾക്ക് ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്നതും ആരോഗ്യ ഇൻഷൂറൻസും വിദ്യാഭ്യാസ വായ്പയും ഏർപ്പെടുത്തണമെന്നതും ബജറ്റ് എയർലൈൻ തുടങ്ങണമെന്നതും നീണ്ട വർഷങ്ങളായുള്ള ആവശ്യങ്ങളായിരുന്നു. അതിലേക്കൊന്നും ബജറ്റവതരണത്തിൽ ധനമന്ത്രി ശ്രദ്ധിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.


Post a Comment

0 Comments