Flash News

6/recent/ticker-posts

രണ്ടത്താണിയില്‍ അടിപ്പാത; ദേശീയപാത ഉപരോധിച്ച്‌ നാട്ടുകാര്‍, സംഘര്‍ഷം

Views
രണ്ടത്താണി: ആറുവരിപ്പാതയില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-തൃശൂർ പാതയില്‍ രണ്ടത്താണിയില്‍ ദേശീയപാത ഉപരോധിച്ചത് സംഘർഷങ്ങള്‍ക്ക് വഴിവെച്ചു.

ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാത ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനപ്രതിനിധികളടക്കമുള്ളവർക്ക് നിരവധി തവണ നിവേദനം കൊടുത്തിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തുടർസമര പരിപാടിയുടെ ഭാഗമായി പാത ഉപരോധിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലോടെയാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പാതയില്‍ കുത്തിയിരിപ്പ് സമരമാരംഭിച്ചത്. തുടർന്ന് മുദ്രാവാക്യം വിളികളാരംഭിച്ചു. സർവിസ് റോഡായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതോടെ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ പൊലീസ് നടപടിയാരംഭിച്ചു. മുൻനിരയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇതോടെ ബലം പ്രയോഗിച്ച്‌ പ്രതിഷേധക്കാരെ വാഹനത്തിലേക്ക് മാറ്റി.

പിന്നാലെ മുഴുവൻ സമരക്കാരേയും റോഡില്‍നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നാവശ്യവുമായി പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശേഷം ഇവരെ വിട്ടയച്ചു. സമരത്തിന് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കള്‍, പൗരപ്രമുഖർ, വ്യാപാരികള്‍ എന്നിവർ നേതൃത്വം നല്‍കി. പാത ഉപരോധിച്ച 250ഓളം പേർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. 

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിരുന്നത്. നിർമാണ കമ്ബനിയായ കെ.എൻ.ആർ.സി പ്രവൃത്തികളുമായി മുന്നോട്ട് പോയതോടെ വിവിധ സംഘടനകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജി തിങ്കളാഴ്ച പരിഗണിക്കും. കെ.എൻ.ആർ.സിയുടെ വിശദീകരണം കേട്ട ശേഷമാകും അന്തിമവിധി. 

അനുകൂല തീരുമാനമില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ് സമരസമിതി തീരുമാനം. സ്കൂള്‍, ആശുപത്രി, മസ്ജിദ്, മദ്റസ, പ്രധാന ഓഫിസുകള്‍, ലൈബ്രറി, ലിമിറ്റഡ് ബസ് സ്റ്റോപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം റോഡിന്റെ ഇരുഭാഗങ്ങളിലായാണുള്ളത്. ഇരുവശങ്ങളിലേക്കും കടക്കാന്‍ കിലോമീറ്ററുകളോളം ചുറ്റേണ്ട സ്ഥിതിയാണ്.


Post a Comment

0 Comments