Flash News

6/recent/ticker-posts

മൂന്നാം സീറ്റ് കിട്ടിയേ തീരൂ, ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

Views


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് പിറകോട്ടില്ലെന്ന് മുസ്ലിംലീഗ്. മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്നും ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എപ്പോഴും പറയുംപോലെയയ അല്ല, ഇത്തവണ സീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തവണ സീറ്റ് വേണമെന്ന് തന്നെയാണ് അഭിപ്രായമെന്നും നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. സാദിഖലി തങ്ങള്‍ വിദേശത്ത് നിന്നെത്തിയാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം സീറ്റ് എന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് നിരസിച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കിട്ടിയുടെ പ്രതികരണം. കാലങ്ങളായി ലീഗ് ഉയര്‍ത്തുന്ന ആവശ്യമാണ് ലോക്‌സഭയിലേക്ക് മൂന്ന് സീറ്റുകളില്‍ മത്സരിപ്പിക്കണം എന്നത്. എന്നാല്‍ സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്.

ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. അവിടെ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ കണ്ണൂര്‍ അല്ലെങ്കില്‍ വടകര സീറ്റും. ആകെയുള്ള 20ല്‍ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 2 സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോണ്‍ഗ്രസിനും ആര്‍എസ്പിക്കും നല്‍കാനുമാണ് കോണ്‍ഗ്രസ് നീക്കം. ഫെബ്രുവരി 5ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.



Post a Comment

0 Comments