Flash News

6/recent/ticker-posts

യുഎഇയില്‍ പെയ്യുന്ന മഴയുടെ തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

Views യുഎഇ : യുഎഇയിൽനിങ്ങള്‍ നനയുന്നത് ചില്ലറ മഴയല്ല, വിലപിടിപ്പുള്ളതാണെന്ന് അറിയാമോ? അതായത് കൃത്രിമമായി പെയ്യിക്കുന്ന മഴയാണ് യുഎഇയില്‍ ഇപ്പോള്‍ തിമിര്‍ത്ത് പെയ്തു കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൂടിലൂടെ കടന്ന് പോകുന്ന യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ മഴയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. അതായത് ക്ലൗഡ് സീഡിങ് cloud seeding മുഖേന മഴയുടെ തോത് വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ക്ലൗഡ് സീഡിങ് മുഖേനമാത്രമാണോ യുഎഇയില്‍ മഴ ലഭിക്കുന്നത്, അതല്ലെങ്കില്‍ എത്രത്തോളം മഴ ക്ലൗഡ് സീഡിങ്ങിലൂടെ ലഭിച്ചു. ഇതില്‍ കൃത്യമായ കണക്കുകള്‍ ലഭിക്കുക സാധ്യമല്ല

ക്ലൗഡ് സീഡിങ് എന്നാല്‍ എന്താണ് ?
ഏറ്റവും ലളിതമായി പറഞ്ഞാല്‍, മഴ പെയ്യാന്‍ സാധ്യതയുളള മേഘങ്ങളെ കണ്ടെത്തുകയും അതില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രകൃതിദത്തമായ ഉപ്പുപോലുളള പദാര്‍ത്ഥങ്ങള്‍ തളിക്കുകയും ചെയ്യുന്നതാണ് ക്ലൗഡ് സീഡിങ്. ഇത് വെളളത്തെ ആകര്‍ഷിക്കുകയും മഴ മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തില്‍ ഹാനികരമല്ല ഇത്തരത്തിലുളള മഴയെന്നുളളതാണ് ഏറ്റവും പ്രധാനം. എന്നാല്‍ മഴ പെയ്യാന്‍ സാധ്യതയുളള മേഘങ്ങളെ കണ്ടെത്തുക എളുപ്പമല്ല. 24 മണിക്കൂറും മേഘങ്ങളെ നിരീക്ഷിക്കുകയും സംവഹനശേഷിയുളള മേഘങ്ങള്‍ കണ്ടാല്‍ ഉടനടി ക്ലൗഡ് സീഡിങ് നടത്തുകയുമാണ് ചെയ്യുന്നത്. ഏറെ ശ്രമകരമായ ജോലിയാണിത്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായ നിരീക്ഷണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തില്‍ മഴ മേഘങ്ങളെ കണ്ടാല്‍ ഉടനടി വിമാനങ്ങളിലെത്തി ക്ലൗഡ് സീഡിങ് നടത്തുകയാണ് പതിവ്.
നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
വെളളത്തിന്റെ ദൗര്‍ലഭ്യമാണ് യുഎഇ നേരിടുന്ന വെല്ലുവിളി. ഇതിന് പരിഹാരമെന്ന രീതിയില്‍ രാജ്യത്തെ ജല സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നുളളതും യുഎഇ ലക്ഷ്യമിടുന്നു. വെളളത്തിന്റെ ഉപഭോഗം ഏറ്റവും കൂടുതല്‍ ഉളള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ഇത് 2025 ആകുമ്പോഴേക്കും 30 ശതമാനം കുറയ്ക്കുകയെന്നുളളതാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി ഭൂഗര്‍ഭ ജല സ്‌ത്രോതസുകള്‍ സംരക്ഷിക്കണം. മഴ കൂടുതല്‍ ലഭിക്കുന്നതിലൂടെ ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം തന്നെ ആഗോളതാപനം വലിയ വെല്ലുവിളിയായി ലോകം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സീറോ എമിഷെന്‍ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിലേക്കും കാലാവസ്ഥ മാറ്റത്തിലേക്കുമെല്ലാമുളള ഒരു ചുവടുവയ്പായികൂടിയായാണ് രാജ്യം ക്ലൗഡ് സീഡിങ് നടത്തുന്നത്.
ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ
2023 ഡിസംബറില്‍ രാജ്യത്ത് ലഭിച്ച മഴയുടെ തോത് കുറവായിരുന്നു. 2024 തുടക്കത്തില്‍ തന്നെ ക്ലൗഡ് സീഡിങ് ആരംഭിച്ചിരുന്നു. ഈ വര്‍ഷത്തില്‍ മുന്നൂറോളം ക്ലൗഡ് സീഡിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയാണ് ക്ലൗഡ് സീഡിങ്ങിന് നേതൃത്വം നല്‍കുന്നത്. 2023 യുഎഇ സുസ്ഥിരതാവര്‍ഷമായാണ് കണക്കാക്കിയിരുന്നത്. കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് 2023ല്‍ യുഎഇ ആതിഥ്യമരുളുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദോഷലഘൂകരണ ശ്രമങ്ങള്‍ക്ക് യുഎഇ വലിയ പിന്തുണയാണ് നല്‍കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശരാശരി 90 മില്ലി മീറ്റര്‍ മഴയാണ് രാജ്യത്ത് ലഭിക്കുന്നത് ഇത് 140 മില്ലി മീറ്റര്‍ വരെ ഉയര്‍ന്ന സന്ദര്‍ഭങ്ങളുമുണ്ട്. ക്ലൗഡ് സീഡിങ് നടത്തിയതിലൂടെ രാജ്യത്തെ മഴയുടെ തോത് 35 ശതമാനം വരെ ഉയര്‍ത്താന്‍ കഴിഞ്ഞു. മഴ വര്‍ധിപ്പിക്കുന്നതിനായി റെയ്ന്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമും യുഎഇ നടത്തുന്നു. മഴയുടെ തോത് വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായുളള ഗവേഷണങ്ങളും നടക്കുകയാണ് ഇതിലൂടെ. ഓരോ മൂന്നുവര്‍ഷത്തിലും മികച്ച ആശയങ്ങള്‍ നല്‍കുന്ന ഗവേഷണത്തിന് 1.5 മില്ല്യന്‍ ഡോളര്‍ (5.51 മില്ല്യന്‍ ദിര്‍ഹം) ഗ്രാന്റും നല്‍കുന്നു.

അലൈന്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിങ്ങിനായി പറക്കുന്നത്. 1990 കളിലാണ് യുഎഇ ആദ്യം ക്ലൗഡ് സീഡിങ് നടത്താന്‍ ആരംഭിച്ചത്. എന്നാല്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതിയായി ക്ലൗഡ് സീഡിങ് ആരംഭിച്ചത് 2010 ലാണ്. ശരാശരി നാല് മണിക്കൂര്‍ പ്രവര്‍ത്തന സമയത്ത് 24 മേഘങ്ങളില്‍ ക്ലൗഡ് സീഡിങ് നടത്തുന്നതിന് 5000 ഡോളറാണ് ചെലവെന്നാണ് കണക്ക്. അതായത് 4 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. ഓരോ വര്‍ഷവും 1000 മണിക്കൂറാണ് യുഎഇ ക്ലൗഡ് സീഡിങ് നടത്തുന്നത്. വര്‍ഷം തോറുമുളള ചെലവ് 1.25 മില്ല്യന്‍ യുഎസ് ഡോളര്‍ അതായത് 10 കോടിയിലധികം ഇന്ത്യന്‍ രൂപയെന്നാണ് ഏകദേശ കണക്ക്. 2022 വരെ യുഎഇ 18 മില്ല്യന്‍ യുഎസ് ഡോളറാണ് (ഏകദേശം 66 ദശലക്ഷം യുഎഇ ദിര്‍ഹം,150 കോടി ഇന്ത്യന്‍ രൂപ) ഇതിനായി ചെലവാക്കിയത്. കടല്‍ വെളളം ശുദ്ധീകരിച്ചാല്‍ ജലക്ഷാമത്തിന് പരിഹാരമാകില്ലേയെന്നുളള സംശയത്തിന് ക്ലൗഡ് സീഡിങ്ങിനേക്കാള്‍ ചെലവേറിയതാണ് ഈ പ്രക്രിയയെന്നുളളതാണ് മറ്റൊരുവസ്തുത.


Post a Comment

0 Comments