Flash News

6/recent/ticker-posts

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് ഇന്ന്

Views
കോഴിക്കോട് : മുസ്ലിം ലീഗ് മുൻകൈയെടുത്ത് രാജീവ് ഗാന്ധി സർക്കാർ നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഇക്കാര്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഡേ നൈറ്റ് മാർച്ച് നടത്തും.

ഫെബ്രുവരി 13ന് ഇന്ന് വൈകീട്ട് 4മണിക്ക് മലപ്പുറം പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച് കോട്ടക്കുന്നിൽ സമാപിക്കും. ആരാധനാലയ സംരക്ഷണ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി ശരിവെച്ചതാണ്. എന്നാൽ ഈ നിയമത്തെ മുഖവിലക്കെടുക്കാതെ വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം ആരാധന നിർവ്വഹിച്ച് വരുന്ന ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താനാണ് കോടതി അനുമതി നൽകിയത്.

ബാബരി പള്ളി പൊളിച്ച് രാമക്ഷേത്രമുണ്ടാക്കിയതിന് ശേഷം പുതിയ പള്ളികളിൽ പ്രശ്‌നം ഉന്നയിക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢലക്ഷ്യത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന നിലപാടാണ്കോടതികൾ പോലും സ്വീകരിക്കുന്നതെന്ന് നേതാക്കൾ തുടർന്നു. 2024 ലെ തെരഞ്ഞടുപ്പിലെ വിജയത്തിനായി തീവ്ര ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം മതേതര സമൂഹം തിരിച്ചറിയണം. രാജ്യത്തെ മുസ്ലിം ക്രിസ്ത‌്യൻ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ കടന്ന് കയറാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ജനാധിപത്യ സമൂഹം ഉണരേണ്ടതുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.


Post a Comment

0 Comments