Flash News

6/recent/ticker-posts

രണ്ടു മാസം കൂടുമ്പോൾ തുച്ഛമായ വേതനം, ശമ്പള കുടിശ്ശികയും നൽകിയില്ല ; യുപി സ്വദേശിക്ക് മലയാളികൾ തുണയായി

Views റിയാദ്: വർക്ക്‌ഷോപ്പ് ജോലിക്കായി സൗദിയിലെത്തി ദുരിതത്തിലായ യു.പി സ്വദേശി ഫർമാന് തുണയായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം. 2019 പകുതിയോടെയാണ് ഫർമാൻ റിയാദിന് സമീപം അൽഖർജിൽ വെൽഡറായി ജോലിക്കെത്തുന്നത്. ആറുമാസത്തോളം സ്പോൺസറുടെ കീഴിൽ ജോലി ചെയ്തെങ്കിലും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. രണ്ടു മാസത്തിലൊരിക്കൽ തുച്ഛമായ വേതനം നൽകി ജോലി ചെയ്യിപ്പിക്കുന്ന അവസ്‌ഥയാണ്‌ ഉണ്ടായിരുന്നത്.

ആറു മാസത്തിന് ശേഷം കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പ് അടച്ചുപൂട്ടി. ജോലിയില്ലെങ്കിൽ, തന്നെ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും ഉടൻ മറ്റൊരു വർക്ഷോപ്പ് തുറക്കുമെന്നും ജോലിയിൽ തുടരണമെന്നും അറിയിക്കുകയായിരുന്നു. ശമ്പളകുടിശ്ശിക പോലും നൽകാതിരുന്നതിനാൽ ഭക്ഷണത്തിനും മറ്റ് നിത്യ ചെലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി.

ജോലി നഷ്ടപ്പെട്ട ഫർമാൻ സുഹൃത്തുകളുടെ സഹായത്താൽ കെട്ടിട നിർമാണ ജോലികൾ ചെയ്തു തുടങ്ങി. ആറു മാസത്തോളം കാത്തിരുന്നിട്ടും സ്പോൺസറുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മാത്രമല്ല ഇഖാമയുടെ കാലാവധി അവസാനിക്കുകയും ചയ്തു. പുതിയ ഇഖാമ അടിച്ചുനൽകാൻ സ്പോൺസർ തയ്യാറായതുമില്ല. കോവിഡ് കാലഘട്ടമായതിനാൽ ചെയ്തിരുന്ന കെട്ടിടനിർമാണ ജോലിയും ഇല്ലാതായി. നാട്ടിൽ പോകാനുള്ള വഴികൾ തേടിയപ്പോൾ ഇഖാമയില്ലാത്തതും കോവിഡ് മഹാമാരിയെ തുടർന്നുള്ള അടച്ചിടലും തടസ്സമായി. സുഹൃത്തുക്കളുടെ സഹായത്താൽ ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒന്നര വർഷത്തോളം ഈയൊരു അവസ്ഥ തുടർന്നു.

കോവിഡിൽ നിന്നും രാജ്യം പതിയെ മുക്തമായതോടെ ജോലികൾ ലഭിച്ചു തുടങ്ങി. ഇഖാമ ഇല്ലാത്തതിനാൽ ഏതുസമയവും പിടിക്കപ്പെടുമെന്ന ഭയപ്പാടോടെയാണ് കിട്ടിയ ജോലികൾ ചെയ്തിരുന്നത്. അതിനിടെ അസുഖബാധിതനായി കിടപ്പിലായി. തുടർന്നാണ് ഫർമാെൻറ വിവരങ്ങൾ സുഹൃത്തുക്കൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തെ അറിയിക്കുന്നത്. അവർ വിഷയം ഏറ്റെടുക്കുകയും ചികിത്സക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ഇന്ത്യൻ എംബസിയെ വിവരങ്ങൾ ധരിപ്പിക്കുകയും ചയ്തു.
തുടർന്ന് എംബസി തർഹീൽ (നാടുകടത്തൽ കേന്ദ്രം) മുഖേന നാട്ടിൽ പോകുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി നൽകി. തർഹീലിൽ അടക്കേണ്ട പിഴതുകയായ 1,000 റിയാലും വിമാനടിക്കറ്റിനുള്ള പണവും അൽഖർജിലെ സുമനസുകളിൽ നിന്നും കേളി കണ്ടെത്തി നൽകി. എംബസ്സിയിൽ നിന്നും ലഭിച്ച യാത്രാരേഖകൾ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ നൗഫൽ പതിനാറുങ്ങൽ രക്ഷാധികാരി സമിതി അംഗം അബ്ദുൽ കലാം എന്നിവർ ഫർമാന് കൈമാറി.

(ഫോട്ടോ: ഫർമാനുള്ള യാത്രാരേഖകൾ അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ നൗഫൽ പതിനാറുങ്ങൽ രക്ഷാധികാരി സമിതി അംഗം അബ്ദുൽ കലാം എന്നിവർ കൈമാറുന്നു)



Post a Comment

0 Comments