Flash News

6/recent/ticker-posts

ബോക്‌സ് ഓഫീസില്‍ റെക്കോഡിലേക്ക് കുതിച്ച് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’; അറിയാം കളക്ഷന്‍ വിവരങ്ങള്‍

Views ബോക്‌സ് ഓഫീസില്‍ റെക്കോഡിലേക്ക് കുതിച്ച് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. ആദ്യദിനത്തില്‍ ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്. 2.30 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം നേടിയത്. 863 ഷോകളാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ മാത്രം ഉണ്ടായിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെയും ജിസിസിയിലെയും കണക്കുകള്‍ വന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ അഞ്ച് കോടിക്ക് മുകളിലാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് തെളിവാണ് റെക്കോഡ് കളക്ഷന്‍.

ഭ്രമയുഗം എന്ന ഹാഷ് ടാഗ് എക്‌സില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആണ്. ഇപ്പോഴത്തെ പൊസിറ്റീവ് മൗത്ത് പബ്ലിസിറ്റി ബോക്‌സ് ഓഫീസില്‍ വരും ദിനങ്ങളില്‍ കാര്യമായി പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പെട്ടെന്ന് തന്നെ ചിത്രം നൂറ് കോടി പിന്നിടാനുള്ള സാധ്യതയുമുണ്ട്. കേരള ബോക്‌സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ദളപതി വിജയ് നായകനായ ലിയോയ്ക്കാണ്. ലിയോ കേരളത്തില്‍ റിലീസിന് 12 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. യാഷിന്റെ കെജിഎഫ് 2 7.30 കോടി രൂപയിലധികം നേടി കേരള ബോക്‌സ് ഓഫീസില്‍ റിലീസ് റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തുണ്ട്. റിലീസ് റെക്കോര്‍ഡില്‍ മൂന്നാമത് ഏഴ് കോടിയില്‍ അധികം നേടിയ മോഹന്‍ലാലിന്റെ ഒടിയന്‍ ആണ്.

കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ അസാധ്യ വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഈ പ്രായത്തിലും പകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടിയെന്ന് ചിത്രം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകര്‍ മാത്രമല്ല, താരങ്ങളും സംവിധായകരുമടക്കം സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.

അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ്. നാടോടി ഗായകന്‍ ആയ തേവന്‍ ആയാണ് അര്‍ജുന്‍ അശോകന്‍ വേഷമിട്ടത്. സിദ്ധാര്‍ത്ഥ് ഭരതന്‍ മമ്മൂട്ടിയുടെ മകനായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.



Post a Comment

0 Comments