Flash News

6/recent/ticker-posts

ആലപ്പുഴയിലെ ഷാന്‍ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Views


ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി ഇന്നു പരിഗണിക്കും. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് അന്വഷണം നടത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറാണെന്നും ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതികള്‍ ഉന്നയിക്കുന്ന വാദം. കുറ്റപത്രം മടക്കി നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ ഹര്‍ജി തീര്‍പ്പാക്കിയ ശേഷം മാത്രമെ കേസ് തുടങ്ങാനാവു. ഷാന്‍ വധകേസില്‍ ആദ്യം പിടിയിലായ 9 പേരുടെയും പിന്നീട് പിടിയിലായ 2 പേരുടേയും വിചാരണ ഒരുമിച്ചാണ് നടത്തുക. 2021 ഡിസംബര്‍ 18 നാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടന്ന ഷാനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷാന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. രണ്‍ജിത് വധക്കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഷാന്‍ വധക്കേസിലെ വിചാരണ നീണ്ടുപോകുന്നതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. കേസിന്റെ വിചാരണ നീളുന്നതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പി പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. നേരത്തെ ഷാന്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു.



Post a Comment

0 Comments