Flash News

6/recent/ticker-posts

ഭൂമി തരം മാറ്റം: അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും- ജില്ലാ കളക്ടർ

Views

മലപ്പുറം: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. തിരൂർ, പെരിന്തല്‍മണ്ണ റവന്യു ഡിവിഷനുകള്‍ക്ക് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്തുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എവിടെയും ഏജന്റുമാരെ നിയോഗിച്ചിട്ടില്ല.  ഓൺലൈൻ സംവിധാനത്തിൽ സുതാര്യമായാണ് തരം മാറ്റ അപേക്ഷകൾ പരിഗണിക്കുന്നത്. ആർക്കും ഓണ്‍ലൈനായി തങ്ങളുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാനാവും. അപേക്ഷയുടെ സീനിയോറിറ്റി പരിഗണിച്ച് മാത്രമാണ് തരം മാറ്റ ഉത്തരവ് നൽകിയിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.

ആവാസ വ്യവസ്ഥകൾ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കൃഷി ഭൂമി സംരക്ഷിക്കുന്നതിനുമായാണ് 2008 ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടു വന്നത്. വീട് വെക്കുന്നതുൾപ്പടെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത്. എന്നാൽ ഇത് അത്ര വേഗത്തിൽ തീർപ്പാക്കാവുന്ന ഒന്നല്ല. വിവിധങ്ങളായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന കാരണത്താലാണ് ഭൂമി തരംമാറ്റത്തിന് പലപ്പോഴും കാലതാമസം നേരിടേണ്ടി വരുന്നതെന്നും കളക്ടർ പറഞ്ഞു. 
തിരൂർ റവന്യു ഡിവിഷന് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്ത് തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴില്‍ അപേക്ഷ നല്‍കിയവര്‍ക്കായുള്ള അദാലത്ത് മലപ്പുറം ടൗണ്‍ഹാളിലുമാണ് സംഘടിപ്പിച്ചത്. 

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി.എം മായ, ഏറനാട് തഹസില്‍ദാര്‍ കെ.എസ് അഷ്റഫ്, ആര്‍.‍‍ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എസ്.എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

പെരിന്തൽമണ്ണയില്‍ തീർപ്പാക്കിയത്  1079 അപേക്ഷകൾ

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന്‍ അദാലത്തില്‍  പരിഗണിച്ച 1740 അപേക്ഷകളിൽ 1079 എണ്ണം തീർപ്പാക്കി. ടോക്കൺ ലഭിച്ച 940 ഭൂമി തരം മാറ്റല്‍ ഉത്തരവുകൾ നടന്ന അദാലത്തിൽ വിതരണം ചെയ്തു. 
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്‍കിയ അപേക്ഷകളില്‍  25 സെന്റില്‍ താഴെയുള്ളതും  സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്,  കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ ആകെ 4938 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1778 അപേക്ഷകളും ഫീസ് ഈടാക്കേണ്ട  1420 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.


Post a Comment

0 Comments