Flash News

6/recent/ticker-posts

കോഴിക്കോട് കാത്തിരിക്കുന്നത് വലിയ വിമാനങ്ങളുടെ തിരിച്ചുവരവിന്

Views
കരിപ്പൂർ : പലതരം അവഗണനയും പ്രതിസന്ധിയും നേരിട്ടിട്ടും പ്രവാസികളുടെയും തീർഥാടകരുടെയും പ്രിയപ്പെട്ട യാത്രാകേന്ദ്രമായ കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രധാന ആവശ്യം വലിയ വിമാനങ്ങളുടെ തിരിച്ചുവരവാണ്. പരിമിതികൾക്കുള്ളിലും കഴിഞ്ഞ വർഷം പൊതുമേഖലാ വിമാനത്താവളങ്ങളുടെ ലാഭക്കണക്കിൽ രാജ്യത്തു മൂന്നാമതാണ് കോഴിക്കോട്. ചെറുവിമാനങ്ങൾ മാത്രമായിട്ടും യാത്രക്കാരുടെ എണ്ണത്തിലാകട്ടെ വൻ വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്. എന്നാൽ, വലിയ വിമാനമില്ലാത്തതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത്തവണ കോഴിക്കോട് ഹജ് എംബാർക്കേഷൻ മുഖേനയുള്ള ഹജ് യാത്രാനിരക്ക് കൂടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതും വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ സർവീസ് ഇല്ല എന്നതാണ്. നിലവിൽ ഇരുനൂറിൽ താഴെ പേർക്ക് യാത്ര ചെയ്യാവുന്ന എയർ ബസ് 320, 321, ബോയിങ് 737–800, ബോയിങ് 737 –900 തുടങ്ങിയ ചെറുവിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

കുതിച്ചുകൊണ്ടിരുന്ന കരിപ്പൂർ കിതച്ചുതുടങ്ങിയത് 2015 മുതലാണ്. റൺവേ നവീകരണത്തിന്റെ പേരിൽ വലിയ വിമാനങ്ങൾക്കു നിരോധനം. പ്രതിഷേധങ്ങൾക്കൊടുവിൽ, 2018 അവസാനത്തിൽ അനുമതി. 2019 മുതൽ കൂടുതൽ വിമാനക്കമ്പനികൾക്ക് വലിയ വിമാന അനുമതിയായെങ്കിലും വൈകാതെ കോവിഡ് നിയന്ത്രണം. 2020 ഓഗസ്റ്റ് ഏഴിന് വിമാനാപകടം. ചെറു വിമാനമാണ് അപകടത്തിൽപെട്ടതെങ്കിലും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം. മൺസൂൺ സീസൺ കഴിഞ്ഞാൽ പരിഗണിക്കാമെന്ന് ആദ്യ മറുപടി. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നു പിന്നെ. റിപ്പോർട്ട് വന്നപ്പോൾ വിമാനത്താവളത്തിന് പ്രശ്നമില്ല. അപകട കാരണം പൈലറ്റിന്റെ പിഴവ്. നിരോധനം നീക്കിയില്ലെന്നു മാത്രമല്ല, റൺവേ സുരക്ഷാ പ്രദേശമായ റെസയുടെ വിപുലീകരണം പൂർത്തിയാകാതെ വലിയ വിമാന സർവീസുകളെക്കുറിച്ച് ആലോചിക്കാനാകില്ല എന്ന മറുപടി കേന്ദ്രത്തിൽ നിന്ന് തുടരുന്നു.

റെസയുടെ ജോലി തീരട്ടെ എന്നു കരുതിയാൽ 2 വർഷമെങ്കിലും വലിയ വിമാനങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) 90 മീറ്ററിൽനിന്ന് 240 മീറ്ററാക്കുക എന്നതാണു ജോലി.

ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകി. 402.9 കോടി രൂപയ്ക്ക് ടെൻഡർ വിളിച്ചു. 320 കോടി രൂപയ്ക്ക് ഹരിയാന കേന്ദ്രമായ കമ്പനി കരാർ ഏറ്റെടുത്തു. 19 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നാണു കരാർ.

ഇതുവരെ ജോലി തുടങ്ങിയിട്ടില്ല. കേന്ദ്രത്തിന്റെ മറുപടി പ്രകാരം അത്രയും കാലം വലിയ വിമാനങ്ങൾ തിരിച്ചെത്തില്ല.

വലിയ വിമാന സർവീസുകളുടെ സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കാമെന്ന് ദിവസങ്ങൾക്കു മുൻപ് എം.കെ.രാഘവൻ എംപിയോട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചിരുന്നു.

ഈ സംഘത്തിലാണ് കരിപ്പൂരിന്റെ പ്രധാന പ്രതീക്ഷ. കാരണം റൺവേ റീകാർപറ്റിങ്ങിനായി 2015 മുതൽ 3 വർഷം വലിയ വിമാന സർവീസുകൾ നിർത്തിയതു പുനരാരംഭിച്ചത് അത്തരമൊരു വിദഗ്ധ സംഘത്തിന്റെ പരിശോധനാ റിപ്പോർട്ടിന്റെ സാഹചര്യത്തിലായിരുന്നു.

വിദേശ വിമാനക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റിപ്പോർട്ട് അനുകൂലമായിരുന്നു. ചില നിബന്ധനകൾ വച്ചെങ്കിലും വലിയ വിമാനങ്ങൾക്ക് അനുമതി നൽകി.

അന്നത്തെക്കാൾ മെച്ചപ്പെട്ട സാഹചര്യമാണിപ്പോൾ. വിമാനത്താവളം അടിമുടി മാറിയിട്ടുണ്ട്. റീകാർപറ്റിങ് നടത്തി റൺവേ ബലപ്പെടുത്തി. റൺവേയിൽ സെൻട്രൽ ലൈൻ ലൈറ്റ് സംവിധാനം, ടച്ച് ഡൗൺ സോൺ ലൈറ്റ്, റൺവേ വിഷ്വൽ റേഞ്ച് (ആർവിആർ) ഉൾപ്പെടെയുള്ളവ നടപ്പാക്കി. വിമാനത്താവളത്തിനു ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളിൽ ലാൻഡിങ്ങിനു സഹായിക്കുന്ന ലീഡ് ഇൻ ലൈറ്റുകൾ സ്ഥാപിക്കാൻ സ്വന്തം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയും തുടങ്ങി.Post a Comment

0 Comments