Flash News

6/recent/ticker-posts

ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണം; ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ

Views


ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് പാസാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമെന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുകൊണ്ട് ബിജെപി കൊണ്ട് വന്ന ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്. ഇതോടെ യുസിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്‌ മാറി. എല്ലാ മതത്തിലും പുരുഷന്‌ 21 വയസും സ്‌ത്രീക്ക്‌ 18 വയസും വിവാഹപ്രായം, ബാലവിവാഹത്തിനും ഒന്നിലേറെ വിവാഹത്തിനും പൂർണ നിരോധനം, ലിവ്‌ ഇൻ റിലേഷന് ഒരുമാസത്തിനുള്ളിൽ നിർബന്ധിത രജിസ്‌ട്രേഷൻ, മകൾക്കും മകനും സ്വത്തിൽ തുല്യഅവകാശം തുടങ്ങിയ വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌.

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ധ്രുവീകരണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ ബിൽ തിടുക്കത്തിൽ അവതരിപ്പിക്കുന്നതെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ആദിവാസി വിഭാഗങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കാനുള്ള തീരുമാനത്തിന്‌ എതിരെയും വലിയ വിമർശമുയർന്നിട്ടുണ്ട്‌. എല്ലാവർക്കും ഒരുപോലെയുള്ള നിയമം നടപ്പിലാക്കാനാണ്‌ യുസിസി കൊണ്ടുവരുന്നതെന്ന ബിജെപി സർക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്‌ ഈ നടപടിയെന്നാണ്‌ വിമർശനം.

യുസിസി കരട്‌ തയ്യാറാക്കാൻ ശുപാർശകൾ നൽകാനായി സുപ്രീംകോടതി മുൻ ജഡ്‌ജി രഞ്‌ജനാപ്രകാശ്‌ ദേശായിയുടെ നേതൃത്വത്തിൽ സർക്കാർ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ സമിതി പ്രതിപക്ഷത്തിന്റെ ഭാഗം കേട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്‌. ഉത്തരാഖണ്ഡ്‌ മാതൃകയിൽ യുസിസി നടപ്പാക്കുമെന്ന്‌ ഗുജറാത്ത്, രാജസ്ഥാൻ, അസം സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേ സമയം ദേശീയ തലത്തിൽ ഏക സിവിൽ കോഡിനെ കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും സംസ്ഥാന നേതാക്കൾ പിന്തുണക്കുന്ന സാഹചര്യമാണുണ്ടായത്. കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.



Post a Comment

0 Comments