Flash News

6/recent/ticker-posts

കടലിലും രക്ഷയില്ല, വെള്ളത്തിനു ചൂട് കൂടി; മീൻ പിടുത്തത്തിനും ഭീഷണി.. കടൽ തീരജീവിതങ്ങൾ വറുതിയിലേക്ക് നീങ്ങുമോയെന്നു ആശങ്ക

Views

 
കോഴിക്കോട് : കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. ഇന്ധനച്ചെലവു പോലും കിട്ടാത്തതിനാൽ കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണം കുറഞ്ഞു. 

ചൂണ്ടപ്പണി ലക്ഷ്യമിട്ടു വിരലിലെണ്ണാവുന്ന ബോട്ടുകാർ മാത്രമാണ് മീൻപിടിത്തത്തിനു പോകുന്നത്. ഡീസലിനു വില വർധിച്ചതു മുതൽ നഷ്ടക്കണക്കു മാത്രമുള്ള മത്സ്യ മേഖലയ്ക്ക് ഇതു കനത്ത തിരിച്ചടിയാണ്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇപ്പോൾ ഫെബ്രുവരിയായിട്ടും വേണ്ടത്ര മത്സ്യലഭ്യതയില്ല. മത്സ്യബന്ധന ചെലവ് വർധിച്ചതും തൊഴിലാളികളെ പിറകോട്ടു വലിക്കുകയാണ്. 

ഇന്ധനം, ഭക്ഷണം, ഐസ്, വെള്ളം എന്നിവയുൾപ്പെടെ കടലിൽ പോകുന്ന ബോട്ടിന് ദിവസം കുറഞ്ഞത് 50,000 രൂപയോളം ചെലവാകും. ദിവസങ്ങളോളം കടലിൽ ചെലവഴിച്ചാലും കുറഞ്ഞ മീനുകൾ മാത്രമാണ് വലയിൽ വീഴുന്നത്. ഓരോ തവണ പോയി വരുമ്പോഴും കടം കൂടുകയല്ലാതെ വരവ് പാടേ കുറഞ്ഞു. ഇതോടെ ഭൂരിഭാഗം ബോട്ടുകളും തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. മത്സ്യ വരവ് കുറഞ്ഞതു ഹാർബറിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, അനുബന്ധ കച്ചവടക്കാർ എന്നിവർക്കും തിരിച്ചടിയായി.
             


Post a Comment

0 Comments