Flash News

6/recent/ticker-posts

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി

Views


നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി. 2017ല്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ ചെസ്റ്റില്‍ ഇരിക്കവേ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു. റിപോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ അതിജീവിത സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും രേഖ രഹസ്യമാണെന്നും നല്‍കാന്‍ കഴിയില്ലെന്നു കോടതി അറിയിച്ചതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്കു കൈമാറരുതെന്ന് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പരാതിക്കാരിക്ക് റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നതിനാല്‍ തനിക്കും അതു നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ തള്ളി.

ഒരു മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം വ്യത്യസ്ത ഉപകരണങ്ങളില്‍ തുറന്നു പരിശോധിക്കുമ്പോഴാണ് അതിന്റെ ഹാഷ് വാല്യൂ മാറുന്നത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. കോടതി സമയത്തിന് ശേഷം നിരവധി തവണ അനധികൃതമായി മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തതായും രാത്രിയില്‍ ഫോണിലും ഇത് പരിശോധിച്ചതായും ലാബ് റിപോര്‍ട്ടില്‍ പറയുന്നു.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്യുകയും പകര്‍ത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് പരാതിക്കാരി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.



Post a Comment

0 Comments