Flash News

6/recent/ticker-posts

ഇന്നസെന്റിനെ ജയിപ്പിച്ച മലയാളികള്‍ മഞ്ചുവാര്യരെയും വിജയിപ്പിക്കുമോ? ചാലക്കുടിയില്‍ ലേഡി സൂപ്പര്‍ സ്റ്റാറിനെ രംഗത്തിറക്കാന്‍ നീക്കം

Views


കൊച്ചി: ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടത് പോലെ ചാലക്കുടിയിലും പരീക്ഷണത്തിനൊരുങ്ങി സിപിഎം. ചാലക്കുടിയില്‍ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ മഞ്ജു വാര്യരെ മത്സരിപ്പിക്കാനാണ് നീക്കം. നേരത്തെ ചാലക്കുടി മണ്ഡലത്തില്‍ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് വിജയിപ്പിച്ച ആത്മവിശ്വാസമാണ് മഞ്ചുവിനെ ആശ്രയിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

2014 ല്‍ അപ്രതീക്ഷിതമായി ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതുപോലെ, അവസാന നിമിഷം മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മഞ്ജു വാര്യരെ കൂടാതെ, മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളാണ് ചാലക്കുടി ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനാണ് നിലവില്‍ ചാലക്കുടി എംപി. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിനെ 1,32,274 വോട്ടുകള്‍ക്കാണ് ബെന്നി ബഹനാന്‍ തോല്‍പ്പിച്ചത്. ബെന്നി ബെഹനാന്‍ തന്നെ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സി.പി.എം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി.

 



Post a Comment

0 Comments