Flash News

6/recent/ticker-posts

മാനന്തവാടിയെ ഒരുദിവസം വിറപ്പിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

Views


കല്‍പ്പറ്റ: മാനന്തവാടിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി കാട്ടില്‍ ഇറക്കിവിട്ടതിന് പിന്നാലെ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. കര്‍ണാടക വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി കൊണ്ടുപോയത്. തുടര്‍ന്ന് കര്‍ണാടകയ്ക്ക് കൈമാറി. ആനയെ അര്‍ധരാത്രിയോടെയാണ് ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ടത്. തുറന്നുവിട്ടതിനു പിന്നാലെ ആന ചരിഞ്ഞതായാണ് വിവരം.

ആനയുടെ കാലിന് പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കര്‍ണാടകയില്‍ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തില്‍ കയറ്റുന്ന സമത്തു തന്നെ തീര്‍ത്തും അവശനായിരുന്നു. എന്നാല്‍ എന്താണ് മരണ കാരണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല.

നടുക്കമുണ്ടാക്കുന്ന വാര്‍ത്തയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. നടപടി ക്രമങ്ങളെല്ലാം സുതാര്യമായിരുന്നു. ഇരു സംസ്ഥാനങ്ങളും സംയുക്തമായി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും മരണകാരണം വിദഗഗ്ദ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൂട്ടിലാക്കിയ ശേഷം എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയ ആനയെ ഇന്നലെ രാത്രിയാണ് ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. ലോറിയില്‍ കയറാന്‍ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തള്ളി കയറ്റിയത്. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്.

ഇന്നലെ വൈകീട്ട് 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. രണ്ടാം മയക്കുവെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നു. കൊമ്പനെ പിടികൂടുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.

ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്.

 



Post a Comment

0 Comments