Flash News

6/recent/ticker-posts

ബ്ലാസ്റ്റേഴ്‌സ് കുതിപ്പിന് തിരിച്ചടി നല്‍കി ഒഡീഷ; റോയ് കൃഷ്ണയ്ക്ക് ഇരട്ട ഗോൾ

Views

ഭുവനേശ്വർ: ഐ എസ് എല്ലിൽ കേരളാ
ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് തടയിട്ട് ഒഡീഷ എഫ് സി. ആദ്യ ഗോൾ നേടി മുന്നിലെത്തിയ മഞ്ഞപ്പടയുടെ വലയിൽ രണ്ട് തവണ പന്തെത്തിച്ചാണ് ഒഡിഷ വിജയഭേരി മുഴക്കിയത്. കരുത്തരുടെ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോൾ വഴങ്ങി പരാജയമേറ്റുവാങ്ങിയത്. പതിനൊന്നാം മിനിറ്റിൽ ദിമിത്രിയോസ് ദിയാമൻഡിയാക്കോസിൻ്റെ ഗോളിൽ മുന്നിലെത്തിയ മഞ്ഞപ്പട, രണ്ടാം പകുതിയിൽ നാലു മിനിറ്റിനിടെ വഴങ്ങിയ ഇരട്ട ഗോളിലാണ് അടിതെറ്റി വീണത്.

53, 57 മിനിട്ടുകളിൽ റോയ് കൃഷ്യാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത വെടിപൊട്ടിച്ചത്. 53-ാം മിനിറ്റിൽ കോർണറിൽനിന്ന് ജാവോയുടെ ക്രോസാണ് റോയ് കൃഷ്‌ണ വലയിലേക്ക് തിരിച്ചുവിട്ടത്. ആദ്യ ഗോളിൻ്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് വീണ്ടും വലകുലുക്കി. 57-ാം മിനിറ്റിൽ തകർപ്പൻ ഹെഡറാണ് റോയ്
വലയിലെത്തിച്ചത്. ഗോൾ മടക്കാനായി ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചെങ്കിലും ഒഡീഷ പ്രതിരോധ കോട്ട കെട്ടി അതെല്ലാം തകർക്കുകയായിരുന്നു.

ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി ഒഡിഷ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 13 കളികളിൽനിന്ന് എട്ട് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 27 പോയിന്റാണ് ഒഡിഷയ്ക്ക്. ബ്ലാസ്റ്റേഴ്‌സാകട്ടെ എട്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 26 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കാണ് വീണത്. 11 കളികളിൽ എട്ട് ജയവും മൂന്ന് സമനിലയുമായി 27 പോയിന്റുകൾ സ്വന്തമാക്കിയ ഗോവയാണ് സീസണിലെ ഒന്നാം നമ്പർ സ്ഥാനം നിലവിൽ അലങ്കരിക്കുന്നത്.



Post a Comment

0 Comments