Flash News

6/recent/ticker-posts

എം. എൽ. എ.യെ അവഗണിച്ചു. സ്കൂൾ കെട്ടിട ഉൽഘാടന പരിപാടികൾ ബഹിഷ്കരിച്ച് എം.എൽ. എ.

Views

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തിൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ മൂന്ന് സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഉൽഘാടനവും  മണ്ഡലം എം. എൽ. എ.പി. അബ്ദുൾ ഹമീദ് മാസ്റ്റർ ബഹിഷ്കരിച്ചു. എം.എൽ. എ.യുടെ ശ്രമഫലമായി ലഭിച്ച കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്കൂൾ കെട്ടിട നിർമ്മാണങ്ങൾ .
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ജി.എൽ. പി. സ്കൂൾ കെട്ടിട ഉദ്ഘാടന സ്വാഗത സംഘ രൂപീകരണത്തിലെ അപാകത ചൂണ്ടികാട്ടി അബ്ദുൾ ഹമീദ് എം. എൽ. എ. നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് മുഖവിലക്കെടുക്കാത്ത മന്ത്രിയടക്കമുള്ളവരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് എം. എൽ. എ. പരിപാടി  ബഹിഷ്കരിച്ചത്.
     
ഉദ്ഘാടന പരിപാടിയുടെ സ്വാഗത സംഘത്തിൽ സ്ഥലം എം.എൽ. എ. യാണ് ചെയർമാനാവണമെന്നാണ് കീഴ് വഴക്കം. എം. എൽ. എ. യുടെ അസാന്നിധ്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിനെയാണ് ചെയർമാനാക്കേണ്ടത്. ഇവിടെ രണ്ട് കീഴ് വഴക്കങ്ങളും ലംഘിച്ച്  എം.എൽ. എ.യുടെ സൗകര്യം പോലും നോക്കാതെ  പ്രധാനദ്ധ്യാപകൻ മീറ്റിംഗ് വിളിച്ച് സ്വാഗത സംഘം രൂപീകരിക്കുകയും എം.എൽ. എ.യെ ചെയർമാനാക്കാതെ മറ്റൊരാളെ ചെയർമാനാക്കുകയും ചെയ്തിരുന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എൽ. എ. ക്ക് നൽകിയ കത്തിൽ എം.എൽ. എ. സ്വാഗത സംഘം ചെയർമാനാവണമെന്ന പരാമർശവും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്  സ്കൂൾ പ്രധാനദ്ധ്യാപകൻ രാഷ്ട്രീയ നാടകം  കളിച്ചിട്ടുള്ളതെന്ന് എം.എൽ. എ. യുടെ ഓഫീസ്  അറിയിച്ചു. സ്ഥലം എം. എൽ. എ.യോട് പോലും ആലോചിക്കാതെ പരിപാടിയുടെ നോട്ടീസ് പുറത്തിറക്കിയതടക്കമുള്ള  അവകാശ ലംഘനം ചൂണ്ടിക്കാട്ടി എം. എൽ. എ. മന്ത്രിക്ക് നൽകിയ കത്തിന്റെ കാര്യത്തിലും തുടർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മൂന്ന് ചടങ്ങും എം.എൽ. എ.  ബഹിഷ്കരിച്ചത്.  യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽ എം.എൽ. എ. യെ അവഗണിച്ചതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലത്തെ യു.ഡി. എഫ്. ജനപ്രതിനിധികളും ഉൽഘാടന ചടങ്ങിൽ നിന്നും വിട്ട് നിന്നു. യൂണിവേഴ്സിറ്റി സ്കൂൾ പി.ടി.എ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനദ്ധ്യാപകനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
വള്ളിക്കുന്ന് മണ്ഡലത്തിലെ  പാറക്കടവ് ജി.എം. യു.പി. സ്കൂൾ മൂന്നിയൂർ, ജി.എൽ. പി. സ്കൂൾ പറമ്പിൽ പീടിക പെരുവള്ളൂർ, ജി.എൽ. പി. സ്കൂൾ യൂണിവേഴ്സിറ്റി ക്യാമ്പസ് തേഞ്ഞിപ്പലം എന്നീ സ്കൂളുകളുടെ കെട്ടിട ഉൽഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments