Flash News

6/recent/ticker-posts

രാഷ്ട്രപതി പദവി കിട്ടിയില്ല; എല്‍കെ അഡ്വാനിക്ക് കിട്ടിയത് ഭാരത് രത്‌ന

Views ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അഡ്വാനിയെ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കി ആദരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയെ നേരില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായും മോദി പറഞ്ഞു.

അഡ്വാനി ജിക്ക് ഭാരതരത്‌നം നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനും അദ്ദേഹത്തോട് സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തു,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ”നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായ, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് ഉപപ്രധാനമന്ത്രി എന്ന നിലയില്‍ വരെ രാഷ്ട്രത്തെ സേവിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകളുടെ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉള്‍ക്കാഴ്ചകളാല്‍ നിറഞ്ഞതുമാണ്” പ്രധാനമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

രാജ്യത്ത് ബിജെപിക്ക് അടിത്തറ ഒരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയായ അഡ്വാനിയെ 96ാം വയസിലാണ് ഭാരത് രത്‌ന ലഭിക്കുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ വാജ്‌പേയിക്കും രാജ്യം ഭാരത് രത്‌ന നല്‍കിയിരുന്നു.

1970ല്‍ ആദ്യമായി രാജ്യസഭാംഗമായി തെരഞ്ഞെടുത്ത അദ്ദേഹം 1974- 76 കാലത്ത് രാജ്യസഭയിലെ ജനസംഘത്തിന്റെ നേതാവായി. 1985ല്‍ ജനസംഘം പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കുശേഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം ഇവര്‍ കൂടിച്ചേര്‍ന്ന് ജനതാപാര്‍ട്ടി രൂപീകരിച്ചു. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു.

ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിക്കപ്പെടുകയും 1986ല്‍ അഡ്വാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രി സ്ഥാനവും അലങ്കരിച്ചു. 2004 മുതല്‍ 2009 വരെ ലോക്‌സഭയില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. മോദി പ്രധാനമന്ത്രിയായതോടെ അഡ്വാനിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും നിരസിക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോനാ കേസില്‍ അഡ്വാനിയെ പ്രതിചേര്‍ത്തിരുന്നു.



Post a Comment

0 Comments