Flash News

6/recent/ticker-posts

കോഴിക്കോട് ഓട്ടോ ഡ്രൈവറെ കൊന്നത് അമ്മയോട് മോശമായി പെരുമാറിയതിന്;

Views

കോഴിക്കോട് ഓട്ടോ ഡ്രൈവറെ കൊന്നത് അമ്മയോട് മോശമായി പെരുമാറിയതിന്; 18 തവണ തുരുതുരെ വെട്ടി


കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിന്റെ ദൂരൂഹത നീങ്ങുന്നു. ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്ന പ്രതി അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി ധനീഷാണ് (33) പൊലീസിന്റെ പിടിയിലായത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ശ്രീകാന്ത് വെട്ടേറ്റു മരിച്ചത്. ( Kozhikode auto driver killed for misbehaving with mother )

രാത്രിയില്‍ പണിക്കര്‍ റോഡില്‍ വെച്ചാണ് കൊലപാതകം നടന്നത്. തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസമായതിനാല്‍ രാഷ്ട്രീയ കൊലപാതകമാണോ എന്നാണ് നാട്ടുകാര്‍ ആദ്യം സംശയിച്ചത്. 18 വെട്ടുകള്‍ ഏറ്റ ഡ്രൈവര്‍ ശ്രീകാന്തിനു മറ്റു പരുക്കുകളും ഉണ്ടായിരുന്നു.

ഓട്ടോയിലും തൊട്ടടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ സമീപത്തായി ശ്രീകാന്തിന്റെ കാര്‍ കത്തിക്കിടക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് കാര്‍ അഗ്‌നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ് സംശയം.

ആഴത്തില്‍ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തില്‍ 15 ഓളം മുറിവുകളേല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

കൊലപാതകം സുഹൃത്തുക്കള്‍ ഉറങ്ങിക്കിടക്കവേ
നിര്‍ത്തിയിട്ട ഓട്ടോയില്‍ ശ്രീകാന്തും രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നാണ് വിവരം. ഡ്രൈവിങ് സീറ്റിലായിരുന്നു ശ്രീകാന്ത്. പിന്‍സീറ്റില്‍ മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്ന സുഹൃത്തുക്കള്‍ സംഭവം അറിഞ്ഞില്ലെന്നാണ് മൊഴി നല്‍കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വെട്ടേറ്റ ശ്രീകാന്ത് ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന്റെ എതിര്‍വശത്തെത്തിയെങ്കിലും നടപ്പാതയോടു ചേര്‍ന്ന് വീഴുകയായിരുന്നു.

കാര്‍ കത്തിച്ചതും ശ്രീകാന്തിനെ കൊല്ലാനോ?
കേരള സോപ്‌സ് കമ്പനിയുടെ പിന്നിലുള്ള ഗേറ്റിനോടു ചേര്‍ന്നാണ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നത്. ശ്രീകാന്തിന്റെ വീട്ടിലേക്ക് കാര്‍ കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് ഇവിടെയാണ് പതിവായി കാര്‍ നിര്‍ത്താറുള്ളത്. രാത്രി കാറില്‍ കിടന്നുറങ്ങുന്നതാണ് ശ്രീകാന്തിന്റെ പതിവ്. 2 ദിവസം മുന്‍പ് രാത്രി ഒരു മണിയോടെയാണ് കാറിന്റെ ചില്ലു തകര്‍ത്ത് അകത്ത് പെട്രോള്‍ ഒഴിച്ച് കാര്‍ കത്തിച്ചത്. എന്നാല്‍, ശ്രീകാന്ത് അന്നു കാറില്‍ കിടന്നുറങ്ങാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിപ്പോയി.

പ്രതി ആയുധവുമായി ബൈക്കില്‍ പോയി
രാവിലെ 5.50നു സമീപവാസിയായ വീട്ടമ്മ ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയാണ് റോഡരികില്‍ ഇടവഴി ചെന്നുമുട്ടുന്ന ഭാഗത്ത് ഒരാള്‍ കുത്തേറ്റു കിടന്നു പിടയുന്നതു കണ്ടത്. ഇവരാണ് സമീപവാസികളെ സഹായത്തിന് വിളിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തുനിന്ന് ആയുധവുമായി ബൈക്കില്‍ കയറി പോകുന്നതു വീട്ടമ്മ കണ്ടിരുന്നു.



Post a Comment

0 Comments