Flash News

6/recent/ticker-posts

കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ സ്വർണം : മോഷണംപോയെന്ന് കരുതിയ 40 പവൻ വീട്ടിൽത്തന്നെ

Views


മൊഗ്രാൽപുത്തൂർ : അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം നടന്നുവെങ്കിലും കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ 40 പവൻ സ്വർണം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണം തിരികെ കിട്ടിയ സന്തോഷത്തിലാണ് മൊഗ്രാൽപുത്തൂരിലെ ഇബ്രാഹിമും കുടുംബവും. മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്ജിദിനടുത്തുള്ള മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. അസുഖബാധിതനായ ഇബ്രാഹിമും ഭാര്യ മറിയമ്മയും മൊഗ്രാൽപുത്തൂരിലെ വീട് പൂട്ടി, ഏറെ അകലെയല്ലാത്ത മജലിലുള്ള മകളുടെ വീട്ടിലായിരുന്നു താമസം.

തിങ്കളാഴ്ച ഇബ്രാഹിമിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനാൽ വസ്ത്രങ്ങളെടുക്കുന്നതിനായി മറിയമ്മയും മരുമകനും എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ വാതിലിന്റെ പൂട്ട് തകർത്തിരുന്നു. പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 40 പവൻ കാണാനില്ലായിരുന്നു. അലമാരകൾ കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടനിലയിലായിരുന്നു. പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നതായി ശ്രദ്ധയിൽപ്പെട്ടു.

കാസർകോട്ടുനിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട്ടുനിന്ന് വിരലടയാള വിദഗ്ധരും എത്തി. ഇതിനിടെയാണ്‌ വാരിവലിച്ചിട്ട തുണികൾക്കിടയിൽനിന്ന് സ്വർണം കണ്ടെത്തിയത്. പരിശോധിച്ചപ്പോൾ 40 പവനുണ്ടെന്ന് വ്യക്തമായി.

കാസർകോട് ടൗൺ ഇൻസ്പെക്ടർ ഷാജി പട്ടേരി, എസ്.ഐ. പി.പി. അഖിൽ, എ.എസ്.ഐ. രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ. സന്തോഷ്, ശരത്, ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.



Post a Comment

0 Comments