Flash News

6/recent/ticker-posts

സമസ്തയുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു; സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ലീഗ് നേതാക്കള്‍ ബഹിഷ്‌കരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് തടയും

Views


കോഴിക്കോട്: സമസ്തയുമായുള്ള മുസ്ലിംലീഗിന്റെ ബന്ധം കൂടുതല്‍ വഷളാക്കുന്ന വിധത്തില്‍ സമസ്തക്ക് കീഴിലുള്ള സുപ്രഭാതം ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ മുസ്ലിം ലീഗ്. ഗള്‍ഫിലെ സുപ്രഭാതത്തിന്റെ ആദ്യ എഡിഷന്‍ യു.എ.ഇയില്‍ മറ്റന്നാള്‍ (മെയ് 18) ആണ് ഉദ്ഘാടനംചെയ്യുന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍, ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വ്യവസായി എം.എ യൂസുഫലി തുടങ്ങിയവരാണ് പ്രധാന അതിഥികളായി സുപ്രഭാതം ഇറക്കിയ പോസ്റ്ററിലുള്ളത്.

എന്നാല്‍ ഇതില്‍ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ആണ് വിട്ടുനില്‍ക്കുന്നത്. ഉദ്ഘാടന ദിവസമായ ശനിയാഴ്ച ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാല്‍ ദുബൈയിലേക്കില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനദിവസം തീരുമാനിക്കുകയും അതിലേക്ക് ലീഗ് നേതാക്കളെ ക്ഷണിക്കുകയും ചെയ്തതിന് ശേഷമാണ് ലീഗ് യോഗം വിളിച്ചതെന്നും ഇത് മനപ്പൂര്‍വമാണെന്നുമാണ് സമസ്തയുടെ പരാതി. സമസ്തയിലെ ലീഗ് അനുകൂലിയായ സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കാതിരിക്കാനുള്ള നീക്കവും ലീഗ് നടത്തുന്നുണ്ട്.

ലീഗിനെതിരെ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിലെ ഒരു പ്രധാന നേതാവ് കഴിഞ്ഞദിവസം സാദിഖലി തങ്ങളെ വന്നുകാണുകയും സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തരത്തിലും സഹകരിക്കില്ലെന്ന നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നാണ് വിവരം. ലീഗിനെതിരെ പരസ്യമായി രംഗത്തുള്ള ഈ വിഭാഗവുമായി അനുരഞ്ജനം വേണ്ടെന്ന നിലപാടിലാണ് ലീഗ്. വിവിധ വിഷയങ്ങളില്‍ ഇരുസംഘടനകള്‍ക്കിടയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രൂക്ഷമായിരുന്നു. ഇതാണ് ലീഗിന്റെ ബഹിഷ്‌കരണനീക്കങ്ങളില്‍ കലാശിക്കുന്നത്.



Post a Comment

0 Comments