Flash News

6/recent/ticker-posts

കരിപ്പൂർ ഹജ്ജ് ക്യാമ്പിലെത്തുന്ന മുഴുവൻ ഹാജിമാർക്കും ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മെഡിക്കൽ കിറ്റ്

Views

മലപ്പുറം : കരിപ്പൂർ വഴി ഈ വർഷം ഹജ്ജിന് പോവുന്ന മുഴുവൻ ഹാജിമാർക്കും മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വക സൗജന്യ ആയുർവേദ ഹോമിയോ മെഡിക്കൽ കിറ്റ്.      
   
മലപ്പുറം ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്തഭിമുഖ്യത്തിൽ ഹാജിമാർക്കുള്ള അവശ്യ മരുന്നുകൾ സൗജന്യമായി നൽകുന്നതിനു വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 
   
ഇന്ന് മുതൽ കരിപ്പൂരിൽ ആരംഭിക്കുന്ന ഹജ്ജ് ക്യാമ്പിൽ ഹജ്ജ് വേളയിൽ ഹാജിമാർക്ക് ആവശ്യമായി വരുന്ന ആയുർവേദ മരുന്നുകളും ഹോമിയോ മരുന്നുകളും ഉൾക്കൊള്ളുന്ന മെഡിക്കൽ കിറ്റ് വിതരണത്തിനായി പ്രത്യേക കൌണ്ടർ തന്നെ തയ്യാറാക്കിയിട്ടുണ്ട്.  രാവിലെ 10 മണി മുതൽ കൌണ്ടർ പ്രവർത്തനമാരംഭിക്കും. 

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഹാജിമാർക്ക് സൗജന്യമായി മെഡിക്കൽ കിറ്റ് നൽകുന്നത്. 'ഹജ്ജ് അൽഷിഫാ കിറ്റ്' എന്ന പേരിൽ നൽകുന്ന മെഡിക്കൽ കിറ്റിൽ ഹാജിമാർക്ക് അവശ്യം വേണ്ടി വരുന്ന മരുന്നുകൾ, ലേപനങ്ങൾ, തൈലം, കണ്ണിൽ ഒഴിക്കുന്ന മരുന്ന് തുടങ്ങിയവയും ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും ലഭ്യമാക്കും. ഇതിനായി ഹജ്ജ് ക്യാമ്പിൽ ജില്ലാ പഞ്ചായത്ത്‌ വിദഗ്ദരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന താത്കാലിക ഡിസ്‌പെൻസറി സൗകര്യവും മെഡിക്കൽ കൌണ്ടറും 24 മണിക്കൂറും പ്രവർത്തിക്കും.  സാധാരണ മെഡിക്കൽ കിറ്റിന് പുറമെ ഡോക്ടർ നിർദ്ദേശിക്കുന്ന മറ്റു മരുന്നുകളും സൗജന്യമായി നൽകും.
    
ഹജ്ജിന് പുറപ്പെടുന്നതിനു തൊട്ട് മുൻപ് ഹാജിമാർക്ക് ലഭിക്കുന്ന ഡോക്ടർമാരുടെ സേവനം   പ്രായമായ ഹാജിമാർക്കും നിത്യ രോഗികളായ ഹാജിമാർക്കും വലിയ ആശ്വാസമാണ്. അലോപ്പതി മരുന്നുകൾ കഴിക്കാൻ പ്രയാസമുള്ള ഹാജിമാർക്ക് ഇത് ഏറെ ഗുണം ചെയ്യും. 
   
ഹജ്ജ് ക്യാമ്പ് തുടങ്ങുന്ന ദിവസം മുതൽ അവസാന ദിവസം വരെ ക്യാമ്പും ഡിസ്‌പെൻസറി സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്നും മുഴുവൻ ഹാജിമാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ, വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments