Flash News

6/recent/ticker-posts

മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന്; സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് നേതാക്കള്‍ യോഗത്തിനെത്തും

Views


കോഴിക്കോട്: മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട്ട് ചേരും. ലോക്‌സഭ തിരഞ്ഞെടുപ്പ് അവലോകനത്തിനായാണ് യോഗം. രാവിലെ പത്തിന് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിലാണ് യോഗം. ലീഗ് മത്സരിച്ച മലപ്പുറം, പൊന്നാനി സീറ്റുകളില്‍ മികച്ച ജയം നേടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ജൂലൈയില്‍ ലഭിക്കുന്ന രാജ്യസഭാ സീറ്റ് സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകും.

തിരഞ്ഞെടുപ്പില്‍ സമസ്തയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പില്‍ സമസ്തയിലെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചതായി പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. ഇതോടെ പ്രാദേശിക നേതൃത്വത്തിനിടയില്‍ സമസ്ത വിരുദ്ധത ശക്തമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ സമസ്തയിലും ലീഗ് വിരുദ്ധരും അനുകൂലികളും തമ്മില്‍ പോര് രൂക്ഷമായിട്ടുണ്ട്.വഴങ്ങില്ലെന്നു പ്രഖ്യാപിക്കാന്‍ സലാമിനു തന്നെ സീറ്റ് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിക്കുളിലുണ്ട്.

സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനം ഇന്നാണ്. പാണക്കാട് സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ക്ഷണിതാക്കളാണെങ്കിലും പാര്‍ട്ടി യോഗം ചൂണ്ടിക്കാട്ടി നേതാക്കള്‍ പങ്കെടുക്കില്ല. സുപ്രഭാതം എഡിഷന്‍ ഉദ്ഘാടന ചടങ്ങ് പ്രഖ്യാപിച്ച ശേഷമാണ് ലീഗ് നേതൃയോഗം കൂടാന്‍ തീരുമാനിച്ചതെന്നും ഗള്‍ഫിലെ ചടങ്ങ് ഒഴിവാക്കാനാണിതെന്നുമുള്ള പരാതി സമസ്തയ്ക്കുണ്ട്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും യുപിയിലെ പ്രചാരണ പരിപാടി കാരണം എത്താനാകില്ല എന്നാണ് അറിയിച്ചത്. ചെന്നിത്തല പങ്കെടുക്കില്ലെങ്കിലും കെ.മുരളീധരന്‍ എം.പി പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ദുബൈയിലെത്തി. മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹവും നിലവില്‍ ദുബൈയിലുണ്ട്.

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് വേണമെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാട്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കുന്നവര്‍ക്കെതിരെ ഒത്തുത്തീര്‍പ്പ് പാടില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. ഇതിനിടെ സമസ്തയിലെ ലീഗ് വിരുദ്ധരുടെ സംരംഭങ്ങളോട് സഹകരിക്കരുതെന്ന നിലപാടും ഒരു വിഭാഗം ലീഗ് നേതൃത്വത്തിനുണ്ട്.

ലോകസഭയില്‍ മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതിനു പകരമായാണ് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിനു നല്‍കാമെന്നു കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയത്. ഈ സീറ്റില്‍ കണ്ണുവച്ച് പലരും നീക്കം നടത്തുന്നുണ്ട്. എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ട കെ.എം ഷാജി രാജ്യസഭാ സീറ്റിനായി ചരടുവലി നടത്തുന്നതായി സൂചനയുണ്ട്. പാര്‍ട്ടി ജന. സെക്രട്ടറി പി.എം.എ സലാമിന് ഈ സീറ്റു നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സലാമിനെതിരെ ഇ.കെ വിഭാഗം ശബ്ദമുയര്‍ത്തിയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റുകൂടി നല്‍കി അദ്ദേഹത്തെ ആദരിക്കുന്നത് ഇ.കെ വിഭാഗത്തെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കുമെന്ന ചര്‍ച്ചയും പാര്‍ട്ടിയിലുണ്ട്. അതേസമയം, ഇ.കെ വിഭാഗത്തിന്റെ ഭീഷണിക്ക് പാര്‍ട്ടി വഴങ്ങില്ലെന്നു പ്രഖ്യാപിക്കാന്‍ സലാമിനു തന്നെ സീറ്റ് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിക്കുളിലുണ്ട്.

കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യതയാണുള്ളതെന്നും അങ്ങിനെയെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ലീഗിന് പങ്കാളിത്തം ലഭിച്ചേക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ലീഗിനു കിട്ടിയേക്കാവുന്ന കേന്ദ്രമന്ത്രി പദവിയില്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെ ഉന്നതനായ നേതാവ് വരുന്നതായിരിക്കും നല്ലത് എന്ന ചര്‍ച്ചയുള്ളതിനാല്‍ നിയമസഭാ അംഗത്വം രാജിവെപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലേക്ക് അയക്കണമോ എന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്.



Post a Comment

0 Comments