Flash News

6/recent/ticker-posts

ദേശീയപാതയിലെ അശാസ്ത്രീയത അനേകം വീടുകള വെള്ളത്തിലാക്കി: ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ

Views

വെളിമുക്ക്: ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത, വെള്ളം ഒഴുകിയെത്തി പതിനഞ്ചോളം വീടുകൾ വെള്ളത്തിലായി. വെളിമുക്ക് പാലക്കലിൽ ദേശീയപാതയിൽ കലുങ്കിനുള്ളിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളമാണ് പ്രദേശവാസികൾക്ക് വിനയായത്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളം കുത്തിയൊലിച്ചെത്താൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

കലുങ്കിലൂടെ എത്തുന്ന വെള്ളം മുഴുവൻ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വീടുകളിലേക്കെത്തുകയാണ്. ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തുനിന്നു വെള്ളം താഴ്ന്ന പ്രദേശത്തുള്ള പാലക്കലിലെ വീടുകളിലേക്ക് എത്തുകയായിരുന്നു. ഓട നിർമിച്ചു വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. ദേശീയപാതയോട് ചേർന്ന് കുഴിമ്പാട്ടുപാടത്തേക്ക് പോകുന്ന റോഡിൽ ഓടയുണ്ടാക്കി സ്ലാബിട്ട് മൂടി പഞ്ചായത്ത് കനാലിലേക്ക് ഒഴുക്കി വിട്ടാൽ നിലവിലെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷവും മഴക്കാലത്ത് ഇതേ ദുരിതം പ്രദേശവാസികൾ നേരിട്ടിരുന്നു. 

അന്നു ദേശീയപാത അധികൃതരെ കണ്ട് പ്രശ്നം പറഞ്ഞതിനെ തുടർന്ന് താൽക്കാലികമെന്നോണം മണ്ണ് ഉയർത്തി വെള്ളം താഴേക്ക് ഒഴുകി പോകാൻ സാധിക്കാത്ത തരത്തിൽ സംവിധാനം ചെയ്തു എന്നതല്ലാതെ ശാശ്വതപരിഹാരം ഇപ്പോഴും കണ്ടില്ലെന്നാണ് പരാതി. ഒരു ദിവസത്തെ മഴ കൊണ്ടു തന്നെ ഇത്തരത്തിൽ വെള്ളം നിൽക്കുന്ന സാഹചര്യമായതിനാൽ മഴക്കാലത്ത് വീടുകൾക്കുള്ളിൽ വെള്ളമാകുമെന്ന ആശങ്കയുണ്ട്.


Post a Comment

0 Comments