Flash News

6/recent/ticker-posts

പെരിന്തൽമണ്ണയിൽ വീണ്ടും കൊലപാതകം; യുവാവിന്റെ സുഹൃത്തുക്കളായ രണ്ടുപേർ പിടിയിൽ

Views

പെരിന്തൽമണ്ണ : ഷെഡ്ഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവാവിന്റെ സുഹൃത്തുക്കളായ രണ്ടുപേർ അറസ്റ്റിലായി.

അങ്ങാടിപ്പുറം സ്വദേശിയും പെരിന്തൽമണ്ണ പൊന്ന്യാകുർശിയിൽ താമസക്കാരനുമായ ചെരപ്പറമ്പിൽ മുഹമ്മദ് ബിൻഷാദ് (38) ആണ് ഞായറാഴ്ച കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബിൻഷാദിന്റെ സുഹൃത്തുക്കളും പൊന്ന്യാകുർശി സ്വദേശികളുമായ മുള്ളൻമടക്കൽ ഹാരിസ് (38), മടത്തൊടി നജീബുദ്ദീൻ (43) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ എൻ.എസ്. രാജീവ് അറസ്റ്റുചെയ്തത്. ബിൻഷാദിന്റെ തലയോട്ടിക്കും എല്ലുകൾക്കും അടക്കമുള്ള സാരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്.

സ്ഥലത്ത് പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. വിരലടയാളവിദഗ്ധരും ഫൊറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. എസ്.എച്ച്.ഒ. പി.ബി. കിരൺ, എസ്.ഐ. അനിത, സീനിയർ സി.പി.ഒ. മൻസൂർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കോടതി പ്രതികളെ റിമാൻഡ്ചെയ്തു.

പോലീസ് പറയുന്നതിങ്ങനെ...👇

മേയ് മൂന്നിന് വൈകീട്ട് നാലിന് പ്രതികളുടെ പരിചയക്കാരനെ ബിൻഷാദ് ആക്രമിച്ചതിലുള്ള വിരോധത്താൽ രാത്രി പൊന്ന്യാകുർശിയിലെ വർക്‌ഷോപ്പിനു സമീപംവെച്ച് ഒന്നാംപ്രതി ഹാരിസ് ഇടിച്ചും ചവിട്ടിയും ബിൻഷാദിനെ പരിക്കേൽപ്പിച്ചു. തുടർന്ന് രണ്ടാംപ്രതി നജീബുദ്ദീനെ വിളിച്ചുവരുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി. പെരിന്തൽമണ്ണയിലെ ബാറിൽനിന്ന് മൂവരും മദ്യപിച്ചശേഷം ബസ്‌സ്റ്റാൻഡിനു സമീപം ഭക്ഷണം കഴിക്കാൻ പോയി. അവിടെനിന്ന് പൊന്ന്യാകുർശി ദുബായ്‌പ്പടി വരെയുള്ള കാർയാത്രയ്ക്കിടയിലും മർദിച്ചു. പിന്നീട് ദുബായ്‌പ്പടിയിൽ ഇറക്കിവിട്ടു. സമീപത്തെ ഗ്രൗണ്ടിൽ അബോധാവസ്ഥയിൽ കിടന്ന ബിൻഷാദിനെ പിന്നീട് പ്രതികൾ കാറിൽ എടുത്തുകയറ്റി ഇയാൾ താമസിച്ചിരുന്ന പൊന്ന്യാകുർശിയിലെ ഷെഡിൽ കിടത്തി. പിറ്റേന്ന് രാവിലെയായിട്ടും ബിൻഷാദ് എഴുന്നേറ്റില്ല. തളർന്നുവീണുകിടക്കുന്നതായി കണ്ടെന്നുപറഞ്ഞ് പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രതികൾതന്നെ ബിൻഷാദിനെ എത്തിച്ചു.

മുഹമ്മദ് ബിൻഷാദിന്റെ മരണം കൊലപാതകമാണെന്നതിലേക്കു നയിച്ചത് പോസ്റ്റുമോർട്ടത്തിലെ സൂചനകൾ. തലയോട്ടി പൊട്ടി രക്തം കട്ടപിടിച്ചതായും വാരിയെല്ലുകളും മുഖത്തെ എല്ലും പൊട്ടിയതായും സാരമായ ആന്തരിക പരിക്കുകളുണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് പോലീസ് സമഗ്രമായ അന്വേഷണം നടത്തിയത്.

ബിൻഷാദിനെ ആശുപത്രിയിലെത്തിച്ചവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തതോടെ വിവരങ്ങൾ പുറത്തുവന്നു. തുടർന്ന് കൊലപാതകത്തിനുള്ള വകുപ്പുൾപ്പെടുത്തി അറസ്റ്റുചെയ്തു. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഒന്നാംപ്രതി ഹാരിസ് ഓട്ടോയിൽ വന്നിറങ്ങുന്നതും ബിൻഷാദിനെ ക്രൂരമായി മർദിക്കുന്നതും ഇതിലുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.



Post a Comment

0 Comments