Flash News

6/recent/ticker-posts

പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ കസ്റ്റഡി; കാരണംകാണിക്കല്‍ നോട്ടിസ് അയച്ച് സുപ്രിംകോടതി

Views


പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളായ 19 പേരുടെ കസ്റ്റഡിയെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി സുപ്രിംകോടതി. 10 ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് നിരോധനമുന്നോടിയായി 2022 സപ്തംബറില്‍ ദേശീയ തലത്തില്‍ സംഘടനയുടെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി പിടികൂടിയ നൂറിലേറെ നേതാക്കളില്‍ ഉള്‍പ്പെട്ടതാണ് മധ്യപ്രദേശില്‍ നിന്നുള്ള ഈ 19 പേര്‍. 22 പേരെയാണ് അന്നേദിവസം മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തത്.

2023 മാര്‍ച്ചില്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന 22 പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഇവര്‍ ജാമ്യഹരജി നല്‍കിയെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ജാമ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

തങ്ങളുടെ കക്ഷികളുടെ അഭാവത്തിലാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിക്ക് അനുമതി നല്‍കിയതെന്നും ഇതു നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. മുജീബുര്‍ റഹ്‌മാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡേ എന്നിവര്‍ വാദിച്ചു. സുപ്രിംകോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ലംഘിച്ചാണ് പ്രതികളെ നേരിട്ടോ വെര്‍ച്വലായോ കോടതിയില്‍ ഹാജരാക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയ ഉത്തരവ് റദ്ദാക്കി ഇവര്‍ക്കു ജാമ്യം നല്‍കണമെന്ന് മുജീബുര്‍ റഹ്‌മാന്‍ വാദിച്ചു.

അതേസമയം സര്‍ക്കാരിനു വേണ്ടി ഹാജരായ ഡപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതിന് പ്രതികളുടെ സാന്നിധ്യം ആവശ്യമില്ലെന്നും അവരുടെ നിയമ പ്രതിനിധികള്‍ ഉണ്ടായിരുന്നുവെന്നും വാദിച്ചു.



Post a Comment

0 Comments