Flash News

6/recent/ticker-posts

കാലൻ മുമ്പിലുണ്ട്...!ചാവാൻ റെഡിയാണെങ്കിൽ കൂടെപ്പോരൂ...!

Views


വേങ്ങര ഊരകത്ത്  നിന്നും പുറപ്പെടുന്ന ഭീതിപ്പെടുത്തുന്ന ടോറസ് ലോറിയുടെ ദൃശ്യവുമായി പോപ്പുലർ ന്യൂസ്; അധികാരികളുടെ കണ്ണുകളിലെ ഇരുൾ നീങ്ങട്ടെ...

വേങ്ങര :  വേങ്ങര നഗര വീഥികൾ ഇപ്പോൾ ടോറസ് ലോറികളെ കൊണ്ട് വീർപ്പ്  മുട്ടുകയാണ്. പലപ്പോഴും ടോറസ് ലോറികൾ ബൈക്ക് യാത്രക്കാർക്ക് പാരയാകാറുണ്ട്. അത്തരം ലോറിക്ക് പിറകിൽ പെട്ടാൽ കുടുങ്ങിയത് തന്നെ... കയറ്റങ്ങളിലാണെങ്കിൽ പറയുകയും വേണ്ട..!


ഇതൊന്നും തന്നെയല്ല  ഇന്ന് പോപ്പുലർ ന്യൂസിന് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. വളരേ അപകടം നിറഞ്ഞ സാഹചര്യമാണ് ഇപ്പോൾ നമ്മുടെ റോഡുകളിൽ അരങ്ങേറുന്നത്. ഇതൊന്നും  എ ഐ ക്യാമറക്കോ എം വി ഡിക്കോ റോഡിൽ അങ്ങോട്ടുമിങ്ങോട്ടും മൊബൈൽ ക്യാമറ മിന്നിച്ച് പായുന്ന പോലീസുകാർക്കോ കാണാൻ സാധിച്ചെന്ന് വരില്ല. ഈ അടുത്തിടെ ടോറസ് ലോറിയിൽ നിന്നും കല്ല് ഉരുണ്ട് വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട വാർത്ത ഇവർക്ക് അറിയാഞ്ഞിട്ടല്ല. അപകടം വരുമ്പോഴല്ലേ.... അപ്പോൾ നോക്കാം എന്ന മനോഭാവമാണ്.


ഇന്ന് ഊരകം ചെരുപ്പടി മലയിൽ നിന്നോ മറ്റോ കരിങ്കല്ലുകളുമായി പോകുന്ന ഒരു ലോറിയുടെ ദൃശ്യമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്. ഈ ദൃശ്യം കണ്ടവരുടെ നെഞ്ച് പിടക്കാതിരിക്കില്ല. കാരണം, ഏത് നിമിഷവും പൊട്ടിപ്പൊളിയാറായ ലോറിയിൽ പടുകൂറ്റൻ കല്ലുകൾ നിറച്ച് കൊണ്ട് മരണമണി മുഴക്കിപ്പോകുന്ന ആ  ലോറി ഇന്ന് ആദ്യ യാത്രയൊന്നും തന്നെ ആകില്ല. പലതവണ ഊരകത്ത് നിന്നും ഏറ്റവും തിരക്കേറിയ വേങ്ങര ടൗണിലൂടെ കടന്ന് പോകുമ്പോൾ അധികാരികൾ കാണാതിരിക്കില്ല. 
ഇന്ന് ഉച്ചക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന  ജലീൽ ചിനക്കൽ ആണ്  വീഡിയോ ദൃശ്യം പോപ്പുലർ ന്യൂസിന് നൽകിയത്. ഊരകം മുതൽ കരിമ്പിലി കയറ്റത്തിലും വേങ്ങര വരേയും അദ്ദേഹത്തിന് ലോറിയെ ഓവർ ടേക്ക് ചെയ്യാൻ പോലും സാധിക്കാതെ ഭയപ്പാടോടെ പിന്തുടരേണ്ടി വന്നു.

കേടുപാടുകൾ സംഭവിച്ചിട്ടും തകർന്ന് വീഴാറായ ഇത്തരം 'ആളെക്കൊല്ലി' ലോറികൾ നിരത്തിലിറക്കുന്നത് തടയുക. അത്തരം ലോറിയിൽ അപകടകരമാകും വിധം കല്ലുകളും മറ്റും നിറച്ച് യാത്ര ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക... അധികാരികൾ കണ്ണ് തുറക്കട്ടെ ...






Post a Comment

1 Comments

  1. വണ്ടിയുടെ നമ്പർ നോട്ട് ചെയ്ത് റിപ്പോർട്ട് ചെയ്യൂ...

    ReplyDelete